തൊടുപുഴ: ഇടവെട്ടി പഞ്ചായത്തില്‍ കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ബുധനാഴ്ച മുതല്‍ ഒന്ന്, 11, 13 വാര്‍ഡുകള്‍ കണ്ടെയ്മെന്റ് മേഖലകളാണ്.
69 ആക്ടീവ് കേസുകളാണ് നിലവില്‍ പഞ്ചായത്തിലുള്ളത്. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളും പ്രധാനപ്പെട്ട ടൗണും ഉള്‍പ്പെടുന്ന വാര്‍ഡുകളെല്ലാം നിലവില്‍ കണ്ടെയ്മെന്റ് സോണാണ്. വിവാഹം, ചരടുകെട്ട്, പിറന്നാള്‍ പോലുള്ളവ ആരോഗ്യ വകുപ്പിന്റെ അനുമതിയോട് കൂടി മാത്രം ചടങ്ങായി നടത്താനാണ് അനുവദിക്കുക. ഇത് സംബന്ധിച്ച് പഞ്ചായത്തിലെ ക്ഷേത്രങ്ങള്‍ക്കും, പള്ളികള്‍ക്കും ഹാള്‍ ഉടമകള്‍ക്കും നിര്‍ദേശം നല്കി. മരണം പോലുള്ളവയ്ക്കും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.
രോഗബാധയ്ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഇടവെട്ടി പിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജയന് പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടവെട്ടിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇതിന്റെ ഭാഗമായി സന്ദര്‍ശിച്ചു. എച്ച്ഐയെ കൂടാതെ ജെഎച്ച്ഐമാരായ റോഷ്നി ദേവസ്യ, കബീര്‍ എന്നിവരും പരിശോധനക്ക് ഒപ്പമുണ്ടായിരുന്ന
ഇടവെട്ടി ടൗണില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടുള്ളു.
കണ്ടെയ്മെന്റ് സോണിലെ ആളുകള്‍ പുറത്ത് പോകുന്നതും ഇങ്ങോട്ട് ആളുകളെത്തുന്നതും കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. പിഎച്ച്സിയില്‍ വരുന്ന രോഗികള്‍ ഫോണ്‍ വിളിച്ച് ബുക്ക് ചെയ്ത ശേഷം മാത്രമെ വരാവൂ എന്ന് മേഡിക്കല്‍ ഓഫീസര്‍ ഡോ. മറീന ജോര്‍ജ് അറിയിച്ചു. തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പഞ്ചായത്തില്‍ രോഗ വ്യാപനം കൂടിയേക്കാമെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: