പാലക്കാട്: കോടിയേരി ബാലകൃഷ്ണന്റെ പേരക്കുട്ടിയുടെ മാനസിക വിഷമം കണ്ട് സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗങ്ങള്‍ ഓടിയെത്തിയത് കേരളം കാണുമ്പോള്‍ വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ തുടക്കം മുതല്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. ക്രൂരമായ പീഡനത്തിന് ഇരയായി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചതിലടക്കം തെളിവുകള്‍ നശിപ്പിക്കുന്ന വിധം സിപിഎം നേതാക്കളും പോലീസും ഇടപെട്ടെന്ന്് മാതാപിതാക്കള്‍ ജന്മഭൂമിയോടു പറഞ്ഞു.
കുട്ടികളുടെ മൃതദേഹം സംസ്കരിച്ചതിലും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങിയതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ എവിടെക്കാണ് കൊണ്ടുപോകുന്നതോ സംബന്ധിച്ച് പറയുകയോ അനുവാദം ചോദിക്കുകയോ ചെയ്തിരുന്നില്ലെന്ന് അമ്മയും അച്ഛനും പറഞ്ഞു. ഹാഥ്രസിലെ പെണ്‍കുട്ടിയുടെ അമ്മക്ക് മകളെ ദഹിപ്പിച്ച സ്ഥലമെങ്കിലും കാണാന്‍ പറ്റി. ഞങ്ങള്‍ക്ക് അതിനും കഴിഞ്ഞില്ല.
മൂത്തകുട്ടി മരിച്ചത് 2017 ജനുവരി 13ന്. മൃതദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് അട്ടപ്പള്ളത്തെ വീട്ടില്‍ എത്തിച്ചിരുന്നു. വീടിന് പുറകിലെ സ്ഥലത്ത് അടക്കം ചെയ്യണമെന്ന് അമ്മയും അച്ഛനും ആവശ്യപ്പെട്ടങ്കിലും എസ്ഐ ചാക്കോയും, സിപിഎം നേതാവായ സ്ഥലത്തെ എസ്സി പ്രമോട്ടറും എതിര്‍ക്കുകയായിരുന്നു. രണ്ടാമത്തെ കുട്ടിയും ഇളയകുട്ടിയും കണ്ടാല്‍ പേടിക്കുമെന്നും, പണ്ടാണ് വീടുകളില്‍ അടക്കം ചെയ്യാറുള്ളതെന്നും, ഇങ്ങിനെയൊരു കേസായിരുന്നതിനാല്‍ വീട്ടില്‍ ചെയ്യാന്‍പാടില്ലെന്നും പറഞ്ഞു. രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് കഞ്ചിക്കോട്ടെ വാതക ശ്മശാനത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് പറഞ്ഞത്. അത് എവിടെയാണെന്ന് പോലും അറിയില്ലെന്നും അമ്മ പറഞ്ഞു.
മൃതദേഹം കൊണ്ടുപോകുമ്പോള്‍ കൂടെ പോവാന്‍ ശ്രമിച്ചെങ്കിലും ചിലര്‍ ഇടപെട്ട് തടയുകയായിരുന്നുവെന്ന് അച്ഛന്. മാര്‍ച്ച് നാലിന് രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കൊണ്ടുവന്ന മൃതദേഹം അട്ടപ്പള്ളത്ത് ഒറ്റമുറി വീട്ടില്‍ അരമണിക്കൂര്‍ മാത്രമാണ് കിടത്തിയത്. തുടര്‍ന്ന് മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയി. അനുവാദം ചോദിക്കാതെയാണ് കൊണ്ടുപോയത്. എങ്ങോട്ടാണ് സംസ്കരിക്കാന്‍ കൊണ്ടുപോകുന്നത് എന്നതും വ്യക്തമാക്കിയില്ല. എല്ലാം കഴിഞ്ഞ് വന്നശേഷമാണ് പാലക്കാട് ചന്ദ്രനഗറിലുള്ള വൈദ്യുത ശ്മശാനത്തിലേക്കാണ് കൊണ്ടുപോയതെന്ന് പറഞ്ഞത്. പിന്നീട് കര്‍മങ്ങള്‍ ചെയ്യുന്നതിന് അസ്ഥിയും മറ്റും തന്നെങ്കിലും അത് മക്കളുടേതാണോ എന്ന് ഉറപ്പില്ലെന്നും അമ്മ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: