തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റി(ഇ ഡി)ന്റെ പരിശോധന തടയാന്‍ നടത്തിയത് നാടകീയ നീക്കങ്ങള്‍. കള്ളപ്പരാതി നല്‍കിയും സമരം നടത്തിയും അന്വേഷണം തടയാന്‍ ശ്രമിക്കുകയായിരുന്നു.
ബിനീഷിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ത്തന്നെ കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിന് സമീപത്തെ സിപിഎം അധീനതയിലുള്ള ഫഌറ്റിലേക്ക് മാറിയിരുന്നു. ബിനീഷിനെ അറസ്റ്റ് ചെയ്തതോടെ ഭാര്യ റനീറ്റയും മക്കളും വീട്ടില്‍ നിന്നും മാറിയിരുന്നു. ബുധനാഴ്ച രാവിലെ 9 മണിയോടെ എത്തിയ ഇ ഡിക്ക് താക്കോല്‍ നല്‍കുന്നത് 11 മണിയോടെയാണ്. തുടര്‍ന്നാണ് പരിശോധന ആരംഭിക്കുന്നത്. റനീറ്റ, രണ്ടര വയസ്സുള്ള മകള്‍, റനീറ്റയുടെ അമ്മ മിനി പ്രദീപ്, അച്ഛന് പ്രദീപ് എന്നിവര്‍ വീടിനുള്ളില്‍ത്തന്നെ ഉണ്ടായിരുന്നു. രാത്രി ഏഴരയോടെ മഹസറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഇഡിയുമായി കുടുംബം തര്‍ക്കത്തിലേര്‍പ്പെട്ടു. രാത്രി ഒന്‍പതു മണിയോടെ പ്രദീപ് പുറത്തേക്ക് പോയി. അപ്പോഴൊന്നും ഇല്ലാതിരുന്ന നീക്കങ്ങളാണ് വ്യാഴാഴ്ച രാവിലെ ആരംഭിക്കുന്നത്.
രാവിലെ എട്ടരമണിയോടെ ബിനീഷിന്റെ ബന്ധുക്കള്‍ വീടിന് മുന്നിലേക്ക് എത്തി. ആദ്യം റനീറ്റയെയും കുടുംബത്തെയും കാണണം എന്നാവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതോടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി. തുടര്‍ന്ന് റനീറ്റയ്ക്ക് ഭക്ഷണം നല്കണമെന്നാവശ്യപ്പെട്ടായി ബഹളം. ഭക്ഷണം എത്തിച്ചതോടെ റനീറ്റയെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് വീടിന് മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു. വീടിനുമുന്നില്‍ സിപിഎം അണികളും പ്രവര്‍ത്തകരും നിലയുറപ്പിച്ചിരുന്നു.
ബന്ധുക്കള്‍ വീടിനുമുന്നില്‍ കുത്തിയിരിക്കുന്ന സംഭവം അറിഞ്ഞ ഉടനെ കന്റോണ്‍മെന്റ് എസി സുനീഷ് ബാബു സ്ഥലത്തെത്തി. വീടിനുള്ളിലേക്ക് കയറി ഇഡി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പരിശോധന ഉടന്‍ പൂര്‍ത്തിയാകുമെന്നും ഉടനെ റനീറ്റയ്ക്കും കുടുംബത്തിനും പുറത്തിറങ്ങാനാകുമെന്നും എസി തന്നെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നിട്ടായിരുന്നു റനീറ്റയെ നിയമവിരുദ്ധമായി ഇഡി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് കാട്ടി രാത്രി വരെ ഉണ്ടായിരുന്ന റനീറ്റയുടെ അച്ഛന് പ്രദീപ് പൂജപ്പുര പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ കുട്ടിയോട് കയര്‍ത്ത് സംസാരിക്കുകയും ഭക്ഷണവും മുലപ്പാലും നല്കാന് അനുവദിക്കാതിരിക്കുകയും ചെയ്തു എന്നായിരുന്നു ബാലാവകാശ കമ്മീഷന് നല്കുന്ന പരാതി. അമ്മയ്ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിക്ക് മുലപ്പാല്‍ നല്കാന് അനുവദിച്ചില്ലെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: