കൊല്ലം: സിറ്റി പോലീസ് കെ 9 സ്ക്വാഡിന് (ശ്വാനസേന) കരുത്തായി പൊന്നി എത്തി. തമിഴ്നാട് ചിപ്പിപ്പാറ ഇനത്തില്‍പ്പെട്ട ഒരു വയസുകാരന് പെന്നിയാണ് ശ്വാനസേനയിലെ പുതിയതാരം. ബുദ്ധി, അനുസരണ, ആരോഗ്യം തുടങ്ങി ഒട്ടേറ സവിശേഷ ഗുണങ്ങള്‍ക്ക് പേരുകേട്ട ഈ വിഭാഗത്തില്‍പ്പെട്ട ശ്വാനന്മാര് സൈന്യത്തിലും വിവിധ പോലീസ് സേനകളിലും സേവനം അനുഷ്ഠിച്ച് വരുന്നുണ്ട്.
തൃശൂര്‍ കേരള പോലീസ് അക്കാദമിയിലെ ഒമ്പതുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കി 23ന് പാസിംഗ്ഔട്ട് പരേഡ് കഴിഞ്ഞാണ് ഇന്നലെ മുതല്‍ പെന്നി കൊല്ലം സിറ്റി കെ 9 സ്ക്വാഡിന്റെ ഭാഗമായത്. സീനിയര്‍ സിപിഒമാരായ സുമിത്ത്, ശ്രീജു എന്നിവരാണ് സ്ക്വാഡില്‍ പെന്നിയുടെ സംരക്ഷകരും പരിശീലകരും. ഇതാദ്യമായാണ് കൊല്ലം സിറ്റി പോലീസ് ശ്വാനസേനയില്‍ തദ്ദേശീയ വിഭാഗത്തില്‍പ്പെട്ട ഒരു ശ്വാനന് എത്തിയത്.
നിലവില്‍ കെ 9 സ്ക്വാഡില്‍ ട്രാക്കര്‍ വിഭാഗത്തില്‍ പരിശീലനം നേടിയ അമ്മു, മയക്കുമരുന്ന് മണത്ത് കണ്ടുപിടിക്കുന്ന തണ്ടര്‍, സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ വിദഗ്ദ്ധയായ റാണി എന്നിവരോടൊപ്പം പെന്നി കൂടി എത്തിയതോടെ കൊല്ലം സിറ്റി പോലീസിന്റെ കെ 9 സ്ക്വാഡ് ഏത് വിഭാഗത്തില്‍പ്പെട്ട കുറ്റകൃത്യങ്ങളും വളരെ പെട്ടെന്ന് തന്നെ കണ്ട് പിടിക്കാന്‍ കഴിയുന്ന ഒരു സമ്പൂര്‍ണ സ്ക്വാഡ് ആയി മാറിയിരിക്കുകയാണ്.
കാലതാമസമില്ലാതെ തന്നെ ബെല്‍ജിയം മാലനോയ്സ് ഇനത്തില്‍പ്പെട്ട ഒരു നായ കൂടി പരിശീലനം പൂര്‍ത്തിയാക്കി കൊല്ലം സിറ്റി കെ 9 സ്ക്വാഡിന്റെ ഭാഗമായി മാറുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ റ്റി. നാരായണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: