ചെന്നൈ: സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി തമിഴ്നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്ര തുടങ്ങി. ഇന്ന് മുതല്‍ ഡിസംബര്‍ ആറ് വരെ ആസൂത്രണം ചെയ്ത വെട്രി വേല് യാത്രയ്ക്ക് കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് അനുവദിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വേല് യാത്രയെ തടയാന്‍ ആര്‍ക്കുമാവില്ലെന്ന് ബിജെപി വ്യക്തമാക്കി. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ എനിക്ക് അവകാശമുണ്ട്. ആരാധന നടത്തുക എന്നത് എന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് യാത്ര ആരംഭിക്കും മുന്‍പ് തമിഴ്നാട് അധ്യക്ഷന്‍ എല്‍. മുരുകന് പറഞ്ഞു.
യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം പൂനമല്ലിക്ക് സമീപം പോലീസ് തടഞ്ഞുവെങ്കിലും, ആരാധന എന്ന മൗലിക അവകാശത്തെ ഹനിക്കരുതെന്ന് ബിജെപി നേതാക്കളുടെ താക്കീതില്‍ പോലീസ് പിന്മാറുകയും യാത്ര തുടരുകയും ചെയ്തു. വേല്‍യാത്ര സമാപനത്തില്‍ യോഗി ആദിത്യനാഥ് ഉള്‍പ്പടെ ബിജെപി ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പുറമേ രജനി കാന്ത് അടക്കം സിനിമാ താരങ്ങളും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
മുരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായി ഒരു മാസം നീണ്ടു നില്ക്കുന്ന വേല്‍യാത്രയാണ് വിഭാവനം ചെയ്തിട്ടുള്ളത്. സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്റെ വേദിയാകുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.
തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേല്‍മുരുകനെ അവഹേളിച്ച യുക്തിവാദ സംഘമായ കറുപ്പര്‍ കൂട്ടത്തിനെതിരേ തമിഴ്നാട്ടിലെങ്ങും പ്രതിഷേധം അതിശക്തമായിരുന്നു. ഈ വികാരം ഏറ്റെടുത്താണ് തമിഴ്നാട്ടില്‍ ‘വേലിനെ’ പ്രതീകമായി മുന്‍നിര്‍ത്തി പര്യടനത്തിന് ബിജെപി തീരുമാനിച്ചത്.
തമിഴ് നാട്ടിലെ ഹൈന്ദവവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ അപ്പോസ്തലന് രാമസ്വാമി നായ്ക്കര്‍ അഥവാ പെരിയോരുടെ അനുയായികളാണ് കറുപ്പര്‍ കൂട്ടം. വേല്‍മുരുകനെ സ്തുതിച്ചുള്ള സ്കന്ദ ഷഷ്ഠി കവച കീര്‍ത്തനത്തെ പരിഹസിച്ചാണ് തീവ്ര യുക്തിവാദി സംഘടനയായ കറുപ്പര്‍ കൂട്ടം വീഡിയോ പുറത്തിറക്കിയത്. ഇതേത്തുടര്‍ന്ന് തമിഴ് ഹൈന്ദവ ജനത ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. കറുപ്പര്‍ കൂട്ടം യൂട്യൂബ് ചാനലിന്റെ ചെന്നൈ ഓഫീസ് പോലീസ് പൂട്ടി.
സാക്ഷാല്‍ ശ്രീ മുരുകന് ശൂരപദ്മാസുരനെ നിഗ്രഹിച്ച സ്കന്ദഷഷ്ടി നാളില്‍ തന്നെയാണ് അവഹേളന വീഡിയോ കറുപ്പര്‍ കൂട്ടം പുറത്തിറക്കിയത്. വേലെടുത്ത മുരുകന് ശൂരപദ്മാസുരനെ രണ്ടു കഷ്ണമാക്കി ഒരു കഷ്ണം സഞ്ചരിക്കാനുള്ള മയിലാക്കി മാറ്റി, മറ്റേ കഷ്ണം കോഴിയാക്കി സ്വന്തം കൊടിയില്‍ തൂക്കിയെന്നാണ് ഐതിഹ്യം. ഹൈന്ദവ ദേവതാ സങ്കല്പങ്ങള്ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളുടെ ഭാഗമാണ് കറുപ്പര്‍ കൂട്ടത്തിന്റെ നടപടിയെന്ന് ബിജെപി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: