കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ മൂന്ന് ആമ്പുലന്‍സുകള്‍ കട്ടപ്പുറത്തായതോടെ രോഗികള്‍ ദുരിതത്തിലായി. നേരത്തെ ഇവിടെ നാല് ആമ്പുലന്‍സുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം മുന്നെണ്ണവും കട്ടപ്പുറത്തായിട്ട് മാസങ്ങളായി. അടുത്തകാലത്തായി എത്തിയ ഒരു ആമ്പുലന്‍സ് മാത്രമേ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുള്ളൂ. ഇതില്‍ കൊവിഡ് രോഗികളും മറ്റ് രോഗികളും കയറുന്നതുമൂലം അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന രോഗികള്‍ കടുത്ത ഭീതിയിലാണ്.
പലപ്പോഴും കൊവിഡ് രോഗികളെ കയറ്റിയാല്‍ തിരിച്ചെത്തി അണുവിമുക്തമാക്കാത്തതാണ് രോഗികള്‍ക്ക് ഭീഷണിയായത്. ആമ്പുലന്‍സുകള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലത്ത് ചില ഡോക്ടര്‍മാരുടെ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ആമ്പുലന്‍സ് പൊരിവെയിലും മഴയും കൊണ്ടാണ് കിടക്കുന്നത്. അടുത്തകാലത്തായി സര്‍വ്വീസ് ഫിറ്റ്നസ് നേടിയ വണ്ടിയുടെ സീറ്റുകള്‍ തകര്‍ന്നു.
വെന്റിലേഷന് സൗകര്യത്തോടെയുള്ള വണ്ടിയുടെ സ്ഥിതിയും ദയനീയമാണ്. എയര്‍ കണ്ടീഷനില്‍ സൂക്ഷിക്കേണ്ട വെന്റിലേഷന് സൗകര്യങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി നിരവധി രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രകളിലെത്തിക്കാന് സ്വകാര്യ ആമ്പുലന്‍സുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. അതിനിടയിലാണ് നിലവിലുള്ള ആമ്പുലന്‍സ് യഥാസമയം അണുവിമുക്തമാക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നത്. കോടികള്‍ ചെലവിട്ട് ജില്ലാ ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് ആമ്പുലന്‍സുകള്‍ കടപ്പുറത്ത് കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: