കണ്ണൂര്‍: 2011-ല്‍ ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യഭ്യാസ അവകാശ നിയമപ്രകാരം പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നിയമനത്തിനുളള വകുപ്പുതല പരീക്ഷകള്‍ പ്രമുഖ അധ്യാപക സംഘടനാ നേതാവിനു വേണ്ടി ഭേദഗതി ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍ രഹസ്യ നീക്കം. ടെസ്റ്റ് യോഗ്യത നേടിയ അധ്യാപകര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് 2020 ജനുവരി 27 നു ടെസ്റ്റ് നിര്‍ബന്ധമാണെന്ന വിധി ലഭിച്ചിരുന്നു. ഈ വിധി 2018 മുതല്‍ പ്രാബല്യമുള്ളതിനാല്‍ വകുപ്പുതല യോഗ്യത നേടാത്ത അധ്യാപകര്‍ തരംതാഴ്‌ത്തല്‍ ഒഴിവാക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല.
ഈ മാസം 24 നു സുപ്രീം കോടതി കേസ് തീര്‍പ്പുകല്‍പ്പിക്കാനിരിക്കെയാണ് ഹൈക്കോടതി വിധി മറികടന്ന് മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യുന്ന കെഎസ്ടിഎ നേതാവിന് നിയമനം നല്‍കാന്‍ നിയമ ഭേദഗതിക്ക് അണിയറ നീക്കം നടക്കുന്നത്. നിയമ ഭേദഗതിക്കുള്ള ശ്രമം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും വിദ്യാഭ്യാസ അവകാശനിയമത്തെയും കോടതി വിധികളെയും മറികടക്കുന്ന ഭേദഗതിയായതിനാല്‍ സെക്രട്ടേറിയറ്റിലെ ഒരു പറ്റം ഉദ്യോഗസ്ഥര്‍ക്ക് ഈ നീക്കത്തില്‍ എതിര്‍പ്പുണ്ട്.
അധ്യാപക സംഘടനാ നേതാവിന്റെ ഇടപെടലിനെത്തുടര്‍ന്ന് ശക്തമായ രാഷ്‌ട്രീയ സമ്മര്‍ദ്ദത്താല്‍ ഈ വര്‍ഷം കൂടി ഇളവ് അനുവദിച്ചുളള ഭേദഗതിക്കാണ് നീക്കമെന്നറിയുന്നു. 2020 ഏപ്രില്‍ ഒന്നു മുതല്‍ ഇന്നേ വരെയായി അനേകം അധ്യാപകര്‍, നിഷ്‌കര്‍ഷിത യോഗ്യതകളെല്ലാം ഉണ്ടായിട്ടും ഏക പ്രമോഷന്‍ സാധ്യതയായ ഹെഡ്മാസ്റ്റര്‍ പ്രമോഷന്‍ ലഭിക്കാതെ, സൂപ്പറാനുവേഷനിലേക്ക് കടക്കുകയും, ശമ്പളം, പെന്‍ഷന്‍,ഡിസിആര്‍ജി , കമ്മ്യൂട്ടേഷന്‍ തുടങ്ങിയ ഇനങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ ആജീവനാന്ത നഷ്ടത്തിലേക്ക് എത്തിപ്പെടുകയും ചെയ്ത സാഹചര്യത്തിന് വില കല്‍പ്പിക്കാതെയാണ് ഇപ്പോള്‍ സംഘടനാ നേതാവിനു വേണ്ടി ധൃതി പിടിച്ചും അതീവ രഹസ്യമായും ഈ നീക്കം.
എന്നാല്‍ നിയപരമായി ഈ ഭേദഗതി നിലവില്‍ക്കില്ലെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് പ്രൈമറി അധ്യാപകരാണ് വകുപ്പുതല പരീക്ഷ പാസായി ഉദ്യോഗക്കയറ്റത്തിന് കാത്ത് നില്‍ക്കുന്നത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗകയറ്റത്തിന് യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍, പ്രൈമറി സ്‌കൂളുകളിലെ പ്രധാനധ്യാപക നിയമനത്തിന് യോഗ്യത നിര്‍ബന്ധമാക്കിയ കോടതിവിധി നടപ്പിലാക്കുവാന്‍ ഇച്ഛാശക്തി കാണിക്കണമെന്നും, 50 വയസ്സ് കഴിഞ്ഞവര്‍ക്ക് വകുപ്പ് തല പരീക്ഷ പാസാകുന്നതില്‍ നിന്നുള്ള ഇളവ് നല്‍കുന്നത് ഒഴിവാക്കണമെന്നുമാണ് ടെസ്റ്റ് യോഗ്യത നേടിയവരുടെ ആവശ്യം. ഇക്കാരും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ക്ക് നിവേദനം നല്‍കിയതായും ,യോഗ്യത ഇളവ് ചെയ്ത് നിയമദേദഗതി വരുത്തിയാല്‍ കോടതിയില്‍ അത് ചോദ്യം ചെയ്യുമെന്നും നിയമ വഴികളിലൂടെ ശക്തമായി മുന്നോട്ടുപോകുമെന്നും കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് കെ.എന്‍. ആനന്ദ് നാറാത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: