കൊല്ലം: ‘ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ട്, അവളുടെ വിദ്യഭ്യാസം സംരക്ഷിക്കണം’ രണ്ടു കാലുകള്‍ക്കും സാധീനക്കുറവുള്ള ബിജു ഇങ്ങനെ പറയുമ്പോള്‍ കണ്ടുനിന്നവരും സങ്കടപ്പെട്ടു.
വികസനപ്പെരുമഴ പെയ്യിച്ചുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുന്ന പനയം പഞ്ചായത്ത് ഓഫീസിന്റെ പടിക്കലില്‍ ഞാന്‍ ദളിതനെന്ന പ്ലക്കാര്‍ഡും പിടിച്ചായിരുന്നു ബിജു ഒറ്റയാള്‍ സമരം നടത്തിയത്. പനയം പഞ്ചായത്തിലെ കോവില്‍മുക്ക് വാര്‍ഡില്‍പ്പെട്ട ചിറ്റയം സ്വദേശി ബിജു ലോട്ടറി വില്‍പ്പനക്കാരനാണ്. ലാപ്ടോപ്പും പഠനമുറിയും മേശയും കസേരയും തന്നില്ല. ഇവര്‍ എനിക്ക് ഒന്നും തന്നില്ല എന്ന് ഉറക്കെ വിളിച്ചായിരുന്നു പ്രതിഷേധം.
കോവിഡായതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണെന്നും അതിനാല്‍ മകളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും ബിജു പറയുന്നു. ലോട്ടറി വില്‍പ്പനയും നിലച്ചതോടെ മകള്‍ക്ക് ഒരു മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കാന്‍പോലും ബിജുവിനായില്ല. നിരവധിതവണ അപേക്ഷ നല്‍കിയിട്ടും അതൊന്നും അധികൃതര്‍ പരിഗണിച്ചില്ല.
ബിജുവിന്റെ സമരത്തിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് പ്രശ്നത്തില്‍ ഇടപെട്ടു. ഒരു മാസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ ബിജു സമരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: