വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പില്‍ സുപ്രധാന ശക്തിയായി പതിനെട്ട് ലക്ഷത്തോളം വരുന്ന ഇന്തോ-അമേരിക്കന്‍ സമൂഹം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസില്‍ ഒതുങ്ങുന്നതല്ല യുഎസ് പൊതുതെരഞ്ഞെടുപ്പിലെ ഇന്ത്യന്‍ സാന്നിധ്യം. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാളയങ്ങളിലെ നിരവധി ഇന്ത്യന്‍ വംശജര്‍ ഇത്തവണയും വിജയക്കൊടി പാറിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡോ. ആമി ബേരയാണ് ഇക്കുറി വിജയിച്ച ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ വംശജന്. ഏറ്റവും കൂടുതല്‍ കാലം യുഎസ് കോണ്‍ഗ്രസില്‍ അംഗമാകുന്ന ഇന്ത്യന്‍ വംശജനെന്ന നേട്ടവും ഇദ്ദേഹത്തിന് സ്വന്തം.
2013 മുതല്‍ തുടര്‍ച്ചയായ അഞ്ചാം വട്ടമാണ് കാലിഫോര്‍ണിയയിലെ സെവന്ത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്ന് അദ്ദേഹം ജയിക്കുന്നത്. 25 ശതമാനം വോട്ടിന്റെ ലീഡ് നേടിയായിരുന്നു ആമി ബേരയുടെ വിജയം. ഇദ്ദേഹത്തെ കൂടാതെ മൂന്ന് ഇന്തോ-അമേരിക്കന്‍ സ്ഥാനാര്‍ഥികള്‍ കൂടി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് വീണ്ടും യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രമീള ജയപാല്‍, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി എന്നിവര്‍.
ടെക്സാസിലെ പതിനേഴാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിലെ രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ ഇന്ത്യന്‍ വംശജരായപ്പോള് മത്സരം കൂടുതല്‍ ആവേശകരമായി. ഒടുവില്‍ ഡോമോക്രാറ്റിക് സ്ഥാനാര്‍ഥി റോ ഖന്ന, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റിതേഷ് ടണ്ടനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു.
ആകെ വോട്ടിന്റെ 75 ശതമാനം നേടിയാണ് ഇല്ലിനോയിയില്‍ നിന്ന് രാജ കൃഷ്ണമൂര്‍ത്തിയുടെ വിജയം. വാഷിങ്ടണ്‍ സംസ്ഥാനത്തെ സെവന്ത് കോണ്‍ഗ്രഷണല്‍ സീറ്റില്‍ നിന്നാണ് പ്രമീള ജയപാല്‍ വലിയ ഭൂരിപക്ഷത്തോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ക്രെയ്ഗ് കെല്ലറെ തറപറ്റിച്ചത്. 42കാരനായ പ്രസ്റ്റണ്‍ കുല്‍ക്കര്‍ണി ടെക്സാസിലെ 22-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും ജയിച്ചു.
ഒഹിയോ സംസ്ഥാനത്ത് നിന്ന് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ 29 വയസുകാരന് നീരജ് അന്താനി ചരിത്രത്തിലിടം നേടി. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യന്‍ വനിത എന്ന നേട്ടം ഇന്ത്യന്‍ വംശജയായ ജെന്നിഫര്‍ രാജ്കുമാര് സ്വന്തമാക്കി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജെന്നിഫര്‍ മുപ്പത്തെട്ടാം വയസ്സിലാണ് സുവര്‍ണ വിജയം നേടുന്നത്.
ചലച്ചിത്രകാരി മീര നായരുടെ മകനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമായ സൊഹ്റാന് മംദാനിയാണ് വിജയം കൈവരിച്ച മറ്റൊരു ഇന്ത്യന്‍ വംശജന്. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജന് എന്ന നേട്ടവും 29 വയസുള്ള മംദാനി സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: