കൊച്ചി: മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ (കെസിഎ) നിന്ന് പുറത്താക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആവശ്യത്തിനെതിരെ പ്രതികരിച്ച കെസിഎ നേതൃത്വത്തിന് ഇരട്ടനീതി. ബിനീഷിനെ പുറത്താക്കുന്ന കാര്യം വരുമ്പോള്‍ ചട്ടവും നീതിയും പറയുന്ന ഇവര്‍, മറ്റു പലരുടെ കാര്യത്തില്‍ അതൊന്നും പാലിക്കുന്നില്ല.
ഒരംഗത്തെ പുറത്താക്കണമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, മറുപടി വാങ്ങണം. തുടര്‍ന്ന് കെസിഎയുടെ ഓംബുഡ്‌സ്മാന് ഇതിന്റെ വിശദാംശങ്ങള്‍ നല്‍കണം. അദ്ദേഹമാണ് തുടര്‍ നടപടിക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. ലോധ കമ്മിറ്റിയുടെ ഈ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷിനെതിരായ ആവശ്യം കെസിഎ തള്ളിയത്.
എന്നാല്‍, കെസിഎ ഭാരവാഹികള്‍ക്കെതിരെ അഴിമതിയാരോപിച്ച് പരാതി നല്‍കിയെന്ന കാരണത്താല്‍ ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെ മൂന്നു പേരെ പുറത്താക്കി. ഈ വര്‍ഷം ഫെബ്രുവരി 20ന് കോട്ടയം ജില്ലാ അസോസിയേഷനിലെ രണ്ടു പേരെയും 27ന് തിരുവനന്തപുരം ജില്ലാ അസോസിയേഷന്‍ അംഗമായ ഒരാളെയുമാണ് നീക്കിയത്. കെസിഎ സെക്രട്ടറിയാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. കെസിഎയ്‌ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് കത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ രാജ്യവിരുദ്ധമെന്നു പറയാവുന്ന കേസുകളില്‍പ്പെട്ട ബിനീഷിനെതിരെ ഈ മാനദണ്ഡം സ്വീകരിക്കാതെ ചട്ടവും നിയമവും പറഞ്ഞ് ന്യായീകരിക്കുന്നത് എന്തിനെന്നാണ് ചോദ്യമുയരുന്നത്.
ബിനീഷിന്റെ ബിനാമിയായ, കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അനസ് വലിയപറമ്പത്തിന്റെ വീട്ടില്‍ ഇന്നലെ എന്‍ഫോഴ്‌സമെന്റ് പരിശോധന നടത്തിയിരുന്നു. അനസിനെ നീക്കണമെന്ന ആവശ്യമുയരുന്നതിനിടെ ജില്ലാ അസോസിയേഷന്‍ യോഗം അടുത്ത ദിവസങ്ങളിലൊന്നില്‍ ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്. അവിടെയും കെസിഎയുടെ നിലപാട് എന്താകുമെന്നാണ് കായികപ്രേമികള്‍ ഉറ്റുനോക്കുന്നത്.
കളിക്കാരുടെ പ്രതിനിധികളെ നീക്കാനുള്ള ശ്രമം പാളി
കെസിഎയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്ന അപ്പെക്‌സ് കൗണ്‍സിലില്‍ നിന്ന് കളിക്കാരുടെ പ്രതിനിധികളെ നീക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം പാളി. ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (ഐസിഎ) പുരുഷ-വനിതാ പ്രതിനിധികളായ സാംബശിവ ശര്‍മ, അനുപമ ദാസപ്പ എന്നിവരെ ഒഴിവാക്കാനുള്ള തീരുമാനമാണ് ഐസിഎ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ പാളിയത്. ഇതോടെ, ഇവരെ അവഗണിച്ച് മുന്നോട്ടുപോകാനാണ് കെസിഎയുടെ നീക്കമെന്നാണ് സൂചന.
കെസിഎ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, പുരുഷ-വനിതാ താരങ്ങളുടെ ഓരോ പ്രതിനിധികള്‍, ഏജീസ് ഓഫീസ് പ്രതിനിധി എന്നിവരടങ്ങുന്ന അപ്പെക്‌സ് കൗണ്‍സിലാണ് കെസിഎയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. കെസിഎയുടെ പല സാമ്പത്തിക ഇടപാടുകളും ചോദ്യം ചെയ്തതാണ് സാംബശിവ ശര്‍മയ്‌ക്കെതിരായ നീക്കത്തിനു കാരണമെന്നാണ് വിവരം. ഇതിനെ അനുപമ പിന്തുണച്ചു. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ കെസിഎ നേതൃത്വം വാളോങ്ങിയത്.
ശര്‍മയ്‌ക്കും അനുപമയ്‌ക്കുമെതിരായ കുറ്റപത്രം തയാറാക്കി ഐസിഎ പ്രസിഡന്റ് അശോക് മല്‍ഹോത്രയ്‌ക്ക് കെസിഎ സെക്രട്ടറി കത്ത് നല്‍കി. ഇതിനുള്ള മറുപടിയില്‍ ഇവരെ പുറത്താക്കാന്‍ കെസിഎയ്‌ക്ക് അധികാരമില്ലെന്ന് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ഐസിഎ സെക്രട്ടറി ഹിതേഷ് മജുംദാര്‍ മറുപടി നല്‍കി. ഇതോടെയാണ് നീക്കം പാളിയത്. അപ്പെക്‌സ് കൗണ്‍സിലിലേക്ക് താരങ്ങളുടെ പ്രതിനിധികളെ നിയോഗിക്കുന്നത് ഐസിഎയാണ്. അവരെ നീക്കാനുള്ള അധികാരവും ഐസിഎയ്‌ക്കാണ്.
സി.എസ്. അനില്‍ കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: