ഇസ്ലാമിക ഭീകരവാദത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികളിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ നീങ്ങുകയാണ്. ഫ്രാന്‍സിലെ പാരീസില്‍ സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ മതനിന്ദ ആരോപിച്ച് ഒരു ഭീകരവാദി കഴുത്തറുത്ത് കൊന്നതും, നീസ് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതുമാണ് ഈ വിപത്തിനെതിരെ ഉണര്‍ന്നെണീക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ആസ്ട്രിയയിലെ വിയന്നയില്‍ ഐഎസ് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടതോടെ ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന തീവ്രമായ ജനവികാരമാണ് ഇതുവരെ പുലര്‍ത്തിയ അലംഭാവത്തോടെയുള്ള സമീപനം കയ്യൊഴിയാന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്നത്. സാമുവല്‍ പാറ്റി എന്ന അധ്യാപകനെ കേവലം പതിനെട്ടുകാരനായ യുവാവ് അരുംകൊല ചെയ്ത സംഭവം ഫ്രഞ്ച് ജനതയെ ഞെട്ടിച്ചിരിക്കുകയാണ്. മതത്തിന്റെ പേരില്‍ സാമൂഹ്യ മുഖ്യധാരയില്‍ ലയിച്ചുചേരാന്‍ വലിയൊരു വിഭാഗം ഇനിയും തയ്യാറായിട്ടില്ലെന്ന തിരിച്ചറിവാണ് ഫ്രഞ്ച് ജനതയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇസ്ലാമിക മതമൗലികവാദത്തെ നിയന്ത്രിക്കാന്‍ ചില നടപടികള്‍ മുന്‍ പ്രസിഡന്റ് സര്‍ക്കോസിയുടെ കാലത്തു തന്നെ എടുത്തു തുടങ്ങിയതാണെങ്കിലും അവയൊന്നും ഫലം കാണുന്നില്ലെന്നാണ് പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഷാര്‍ലി ഹെബ്ദോ എന്ന മാസികയുടെ ഓഫീസ് ആക്രമിച്ച ഭീകരര്‍ പന്ത്ര ണ്ട് പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ നിന്ന് വ്യക്തമായത്. ഇതേ കാര്‍ട്ടൂണിന്റെ പേരു പറഞ്ഞ് ഒരാള്‍ കൂടി പൈശാചികമായി കൊലചെയ്യപ്പെട്ടത് ഉദാരമതികളായ ഒരു ജനതയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
ഫ്രാന്‍സിനെ ശിഥിലീകരിക്കാന്‍ ആ രാജ്യം മുറുകെപ്പിടിക്കുന്ന മൂല്യങ്ങളെ ഉള്‍ക്കൊള്ളാത്തവരെ അനുവദിക്കുന്ന പ്രശ്നമില്ലെന്ന് ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് നടത്തിയ സുപ്രധാനമായ ഒരു പ്രസംഗത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക വിഘടനവാദത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന പ്രസംഗമാണ് മാക്രോണ്‍ നടത്തിയത്. ഫ്രാന്‍സില്‍ ഒരു ബദല്‍ സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാനാണ് ഇസ്ലാമിക മതമൗലിക വാദികള്‍ ശ്രമിക്കുന്നതെന്നും, ഇത് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലെ സഹവര്‍ത്തിത്വം ഇല്ലാതാക്കി രാഷ്ട്രത്തെ അപകടത്തിലാക്കിയിരിക്കുകയാണെന്നും തുറന്നു പറയാന്‍ മാക്രോണ്‍ മടിച്ചില്ല. ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ മൂന്നുവര്‍ഷത്തെ ആലോചനകള്‍ക്കുശേഷം ചില തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ജനങ്ങളെ അറിയിച്ചു. ഇസ്ലാമിക ഭീകരവാദമെന്നത് ബോധപൂര്‍വമായ ഒന്നാണെന്നും, അതിന് രാഷ്ട്രീയവും മതപരവുമായ സ്വഭാവമുണ്ടെന്നും വ്യക്തമാക്കിയ മാക്രോണ്‍, ഇത് രാഷ്ട്രത്തിന്റെ മൂല്യങ്ങളെ നിരന്തരം നശിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ഫ്രഞ്ച് സമൂഹം മാത്രം അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയല്ല ഇത്. റഷ്യയും ഡന്മാര്ക്കും നെതര്‍ലാന്റും, എന്തിനേറെ ബ്രിട്ടന് വരെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്. ഈ നിലയ്ക്ക് മുന്നോട്ടുപോകാനാവില്ലെന്ന് ഫ്രാന്‍സിനെപ്പോലെ തിരിച്ചറിവു നേടിയ രാജ്യങ്ങള്‍ കര്‍ശനമായ ചില നടപടികള്‍ കൈക്കൊണ്ടു കഴിഞ്ഞു.
ഇസ്ലാമിക മതമൗലിക വാദത്തിനും വിഘടനവാദത്തിനും ഇമ്മാനുവല്‍ മാക്രോണ്‍ അതിശക്തമായ മുന്നറിയിപ്പ് നല്കി മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് പാരീസില്‍ അധ്യാപകന്റെ തലയറുത്തത്. സ്വാതന്ത്ര്യത്തിന്റെ പറുദീസയായി കരുതപ്പെടുന്ന ഒരു സമൂഹത്തില്‍ ഈ സംഭവം ഭീതിയുടെ അലകള്‍ സൃഷ്ടിച്ചു. ഇത് കെട്ടടങ്ങുന്നതിനു മുന്‍പാണ് അഭയാര്‍ത്ഥിയായി എത്തിയ ഒരു ഭീകരന് നീസില്‍ ഭീകരാക്രമണം നടത്തി നിരപരാധികളായ മൂന്നുപേരെ കൊലപ്പെടുത്തിയത്. ഇതിലൊരാളുടെ തല അറുത്തു മാറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഒട്ടുമിക്ക രാഷ്ട്രത്തലവന്മാരും ഭീകരവാദത്തെ ശക്തമായി നേരിടാന്‍ ഫ്രാന്‍സിന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. പാക്കിസ്ഥാനെയും തുര്‍ക്കിയെയുംപോലെ ഇസ്ലാമിക ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ മാത്രമാണ് ഫ്രാന്‍സിനെതിരെ ശബ്ദിക്കാന്‍ തയ്യാറായത്. ആഗോള വിപത്തായി മാറിയിരിക്കുന്ന ഇസ്ലാമിക ഭീകരവാദത്തോട് പൊതുവെ മൃദു സമീപനമാണ് ഇപ്പോഴത്തെ പോപ്പ് സ്വീകരിക്കുന്നതെങ്കിലും നീസില്‍ ക്രൈസ്തവ ആരാധനാലയത്തിനെതിരെ ആക്രമണം നടന്നതോടെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ രംഗത്തെത്തി. യൂറോപ്യന്‍ കൗണ്‍സിലും യൂറോപ്യന്‍ കമ്മീഷനും ഫ്രാന്‍സിന് പിന്തുണ പ്രഖ്യാപിച്ചു. ഒട്ടും വൈകാതെ തങ്ങളുടെ നിയന്ത്രണത്തിലുള്ള ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വ്യോമാക്രമണം നടത്തി അന്‍പത് ഐഎസ് ഭീകരരെ ഫ്രഞ്ച് സൈന്യം വധിച്ചു. ഇസ്ലാമിക ഭീകരരെ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും, അവരെ അടിച്ചമര്‍ത്താനേ കഴിയൂ എന്നും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ തുടരുകയാണ്. ഇത് ആശാവഹമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: