അപചയത്തിലേക്ക് വഴുതിമാറുകയായിരുന്ന ആര്‍ഷഭാരത ജ്ഞാനപാരമ്പര്യത്തെ അദൈ്വതത്തിന്റെ പൊരുളറിയിച്ച് ഹിമവല്‍ ഉയരങ്ങളില്‍ കയറ്റി ചരിത്രം കുറിക്കുകയായിരുന്നു ആചാര്യ ശങ്കരന്. ആദിത്യനാഥനാണെങ്കില് ആദിഗുരു സദാശിവന് തന്നെ സ്ഥാപിച്ചതായി കരുതിപ്പോരുന്ന ഗോരഖ് നാഥ സമ്പ്രദായത്തിനെ നയിക്കുവാന്‍ മഹാദേവന്റെ ശിഷ്യപരമ്പര ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള മശാല്‍ ഗ്രാമത്തില്‍നിന്ന് കണ്ടെടുത്ത യുവചൈതന്യവും. അജയ്യെ മാതാപിതാക്കളായ ആനന്ദസിംഗ് ബിഷ്ടില്‍ നിന്നും സാവിത്രീ ദേവിയില്‍ നിന്നും ശരിക്കും കവര്‍ന്നെടുക്കുക തന്നെയായിരുന്നു. കാരണം 1994 ല്‍ ഗോരഖ് നാഥ് മഠാധിപതിയായിരുന്ന മഹന്ത് അവൈദ്യനാഥന്റെ ആജ്ഞാനുസരണം അദ്ദേഹത്തില്‍ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ച് രണ്ടു മാസം കഴിഞ്ഞ് പത്രത്തിലൂടെയാണ് അച്ഛനും അമ്മയും വിവരമറിഞ്ഞതുപോലും. ശങ്കരന് നടന്നു കയറിയത് ജ്ഞാനമാര്‍ഗ്ഗത്തിലൂടെ സര്‍വ്വജ്ഞ പീഠമായിരുന്നെങ്കില് യോഗി ആദിത്യനാഥ് ജ്ഞാനമാര്‍ഗ്ഗത്തില്‍ തുടങ്ങി കര്‍മ്മ മാര്‍ഗത്തിലൂടെ ജനാധിപത്യ ഭരണം ഒരുക്കിയ രാജര്‍ഷി പീഠത്തിലേക്കാണ് എത്തിച്ചേര്‍ന്നത്.
ഉത്തരപ്രദേശ് രാഷ്ട്രീയത്തില്‍ തിളങ്ങി നില്ക്കുന്ന ആ കാവിയിട്ട നേതൃത്വവിസ്മയം ഭാരതത്തോളം വളരുന്ന വഴി വരയ്ക്കുകയാണ് ശാന്തനു ഗുപ്ത ‘യോഗി ഗാഥ’ എന്ന മൂലകൃതിയില്‍. ആ കൃതി ഇംഗ്ലീഷുള്‍പ്പടെ എട്ടു ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. അതിനെ മൊഴിമാറ്റം ചെയ്ത് ‘രാജര്‍ഷി യോഗി ആദിത്യനാഥ്’ എന്ന പേരില്‍ മലയാളത്തിലേക്ക് അവതരിപ്പിക്കുക വഴി കേരളത്തില്‍ ഉയര്‍ന്നു വരേണ്ട രാഷ്ട്രീയ ബദല്‍ നേതൃമാതൃക ചൂണ്ടിക്കാട്ടുകയായിരുന്നു കെ.സി. അജയകുമാര്‍. ‘ആദിശങ്കരം’ എന്ന ജീവചരിത്ര ആഖ്യായികയുടെ സര്‍ഗസൃഷ്ടിയിലൂടെ മലയാളത്തെ ധന്യമാക്കിയ ഡോ. അജയകുമാറിന് സനാതന ധര്‍മ്മത്തിന്റെ പ്രഭാവത്തില്‍ ഭാരതത്തിന്റെ മുന്നില്‍ കേരളം ഉണ്ടാകണമെന്നതു തന്നെയാണ് ലക്ഷ്യം.
പുസ്തകവായന പൂര്ണ്ണമാകമ്പോള് കാവി വസ്ത്രം ധരിച്ചൊരു യോഗിവര്യന് ഭാര്‍ഗവ ഭൂമിയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന നാളുകളെ കുറിച്ചുള്ള പ്രതീക്ഷ വായനക്കാരന്റെ മനസ്സിലൊരു സകാരാത്മക ചാലക ശക്തിയായി മാറിയിട്ടുണ്ടാകും. ആശംസ നേര്‍ന്ന് സ്വാമി ചിദാനന്ദ പുരി ഉത്തര പ്രദേശിന്റെ വഴി കേരളത്തിനും മാതൃകയാണെന്ന് കുറിച്ചിട്ടു. ഉരുത്തിരിഞ്ഞുവരുന്ന പുതിയ ലോകക്രമത്തില്‍ ഭാരതത്തിന്റെ തിളക്കം ഉള്ളില്‍ തെളിഞ്ഞതിന്റെ വെളിപ്പെടുത്തലുകളാണ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വേദിക് സ്റ്റഡീസ് സ്ഥാപകന്‍ ഡോ. ഡേവിഡ് ഫ്രോലി പുസ്തകത്തിന്റെ മുഖവുരയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്:
”ഇന്നത്തെ ഹൈടെക് യുഗത്തില്‍ ഒരു പുതിയ ലോകം ഉദയം ചെയ്യുകയാണ്. അതോടൊപ്പം പുതിയ ഭാരതവും രൂപംകൊള്ളുന്നു. അതിനെ നെഹ്റുയിസത്തിനും മാര്‍ക്സിസത്തിനും ശേഷമുള്ള ഭാരതമെന്ന് പറയാവുന്നതാണ്. പ്രധാനമന്ത്രി മോദിയുടെ വീക്ഷണമനുസരിച്ച് ഭാരതം ഇന്നു ലോകത്തിലെ ഏറ്റവും വികസിക്കുന്ന സാമ്പത്തിക വ്യവസ്ഥിതിയുള്ളതും ആഗോളരംഗത്ത് സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളില്‍ ഒന്നായും മാറിയിരിക്കുന്നു. ഭാരതം മാനവികതയുടെ അതിപ്രാചീനമായ ആധ്യാത്മിക പാരമ്പര്യത്തെ സുരക്ഷിതമായി വയ്ക്കുന്നതിനോടൊപ്പം പുതിയ അറിവും ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ നേടുന്ന നൈപുണ്യത്തിന് പ്രോത്സാഹനവും നല്‍കുന്നുണ്ട്. ഇത് യോഗി ആദിത്യനാഥ് പിന്തുണയ്ക്കുന്ന ദുര്‍ലഭമായ സമന്വയവുമാണ്.”
നടക്കേണ്ടത് നടക്കുകതന്നെ ചെയ്യുമെന്ന് യോഗി ആദിത്യനാഥിലൂടെ ഉത്തരപ്രദേശ് കണ്ടറിഞ്ഞതിനെ കുമ്മനം രാജശേഖരന് തന്റെ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നു.
മലയാള ഭാഷയിലേക്ക് പുതിയ രചന വരികയാണെന്നറിഞ്ഞപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായി. ഒരു പക്ഷത്ത് യോഗിയില്‍ ഭാരതത്തിന്റെ ഭാവി കാണുന്ന വലിയ ഒരു സമൂഹം. മറുഭാഗത്ത് നേരിനെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും കൂട്ടായ്മ. കമ്യൂണിസ്റ്റുകളുടെയും തീവ്ര ഇസ്ലാമിക വര്‍ഗീയവാദികളുടെയും ക്രിസ്ത്യന്‍ മതപരിവര്ത്തനവാദികളുടെയും, നെഹ്റു കുടുംബത്തിന്റെ അധികാരത്തോടുള്ള ആര്ത്തിയിലുദിച്ച അവസരവാദങ്ങള്ക്കൊപ്പം നില്‍ക്കുന്നവരുടെയും കൂട്ടായ്മ!
ധാര്‍മ്മിക രാഷ്ട്രീയത്തിന്റെ ചാലക ശക്തിയാണ് യോഗി ആദിത്യനാഥനെന്ന തിരിച്ചറിവിലേക്ക് വായനക്കാരനെ നയിക്കുന്നതാണ് ഈ പുസ്തകം. സാധാരണ ജീവചരിത്രങ്ങള്‍ കളിക്കളങ്ങള്‍ നിറഞ്ഞാടിയ കേമന്മാരുടെ ആവേശം ചോരാത്ത കഥകളാണെങ്കില്‍ ഇത് തുടരുന്ന കളിയുടെ കമന്ററിയാണ്. അതുകൊണ്ടുതന്നെ വരുംകാല ഭാരതരാഷ്ട്രീയം കാണാന്‍ പോകുന്ന പൂരത്തിന്റെ ദൃശ്യവിസ്മയം മനസ്സില്‍ കണ്ട് സ്വന്തം ചുവടുകളെ ചിട്ടപ്പെടുത്തുവാന്‍ വായനക്കാരന് വഴിയൊരുക്കുന്നു.
ഭാരത ജനാധിപത്യത്തിന് ആരും പ്രേരിപ്പിക്കാതെ നല്കിയ വാക്കുറപ്പ് അക്ഷരം പ്രതി പരിപാലിക്കുന്ന യോഗി ആദിത്യനാഥെന്ന മുഖ്യമന്ത്രിയെ അതിശയോക്തിക്ക് ഇടംകൊടുക്കാതെ വസ്തുതകള്‍ നിരത്തി ഗ്രന്ഥകാരനും പരിഭാഷകനും ചേര്‍ന്ന് വായനക്കാരിലെത്തിച്ചിരിക്കയാണ്. യോഗി മഠാധിപതിയായ ഗോരഖ് നാഥ മഠത്തിനും അദ്ദേഹം നയിക്കുന്ന ഭരണകൂടത്തിനും മതപരമായോ ജാതീയമായോ ആയ വിവേചനം ഇല്ല. പ്രലോഭനങ്ങളിലൂടെ മതപരിവര്‍ത്തനം അനുവദിക്കില്ല. ഘര്വാപ്പസിക്കുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ലൗജിഹാദിനെ പൊറുക്കുകയില്ല.ആത്മ നിര്‍ഭര ഭാരതത്തിലൂടെ വികസനം. ഒരു ട്രില്ല്യന്‍ സാമ്പത്തിക ശക്തിയായി ഇരൂപത്തിയേഴ് കോടി ജനങ്ങളുള്ള ഉത്തര്‍ പ്രദേശിനെ മാറ്റിയെടുക്കും. വികസനത്തിലേക്കുള്ള യാത്ര എല്ലാവരോടും ഒപ്പമാണ്, എല്ലാവരെയും ഉള്‍പ്പെടുത്തിയാണ്, എല്ലാവരുടെയും വിശ്വാസവും സംരക്ഷിച്ചു കൊണ്ടുമായിരിക്കും.
പരിവര്‍ത്തനത്തിന്റെയും വികസനത്തിന്റെയുമായ ആ മാതൃകയില്‍ കേരളത്തിന് പ്രചോദനമാകുന്ന വിവിധ ഘടകങ്ങളെ പ്രകടമാക്കുവാന്‍ കഴിഞ്ഞതിലൂടെയാണ് ‘രാജര്‍ഷി യോഗി ആദിത്യനാഥ്’ മലയാള വായനാ സമൂഹത്തിന്റെ പുസ്തകശേഖരത്തില്‍ ഇടം ഉറപ്പാക്കുവാനുള്ള അര്‍ഹത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: