കൊച്ചി: മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയില്‍ പ്രതിദിനം 1000 ഭക്തര്‍ക്ക് മാത്രം പ്രവേശനം നല്കിയാല് മതിയെന്ന തീരുമാനം പുന:രാലോചിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദിവസം തോറും 20,000 ഭക്തര്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ചെന്നൈ അണ്ണാനഗര്‍ സ്വദേശി കെ.പി. സുനില്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ 1000 ഭക്തര്‍ക്കു മാത്രം പ്രവേശനം എന്നതു വളരെക്കുറവാണെന്നും ഇതു വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന നിലപാടാണ് കോടതിയും സ്വീകരിച്ചത്.
അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഉചിതമായ തീരുമാനമെടുത്ത് അറിയിക്കാനും ദേവസ്വം ഡിവിഷന് ബെഞ്ച് സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. സസ്യജന്യമായ കൊവിഡ് പ്രതിരോധ ഔഷധങ്ങളും അണുനാശിനികളും ഉപയോഗിക്കുന്നതിലൂടെ പ്രതിദിനം 20,000 ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി നല്കാന് കഴിയുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുപ്പതി ക്ഷേത്രത്തില്‍ ദിനം പ്രതി 20,000 മുതല്‍ 25,000 ഭക്തര്‍ക്ക് വരെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും ഹര്ജിക്കാരന് വാദിച്ചു.
ഇതിനിടെ ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് ഇടത്താവളങ്ങളില്‍ കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും കോവിഡ് നെഗറ്റീവായ ഭക്തരെ പമ്പയില്‍ സ്നാനം നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റ് ജി. ബൈജു ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ശബരിമലയില്‍ നിയോഗിക്കുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കോവിഡ് പരിശോധന നടത്തണം. പരമ്പരാഗത പാതകളായ എരുമേലി – കരിമല – പമ്പ, വണ്ടിപ്പെരിയാര്‍ – പുല്ലുമേട് – സന്നിധാനം എന്നിവ തുറന്നു നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: