തിരുവനന്തപുരം: ആരോഗ്യരംഗത്തും ഭരണരംഗത്തും നമ്പര്‍ വണ്‍ പദവി അവകാശപ്പെടുന്ന കേരളത്തില്‍ പാവപ്പെട്ടവര്‍ അടിയന്തര ശസ്ത്രക്രിയകള്‍ക്കായി നെട്ടോട്ടമോടുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്ഥലപരിമിതിയുടെ പേരില്‍ രോഗികളെ പുറന്തള്ളുമ്പോള്‍ ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ സൗകര്യമൊരുക്കാവുന്ന സംവിധാനമുണ്ടായിട്ടും ചികിത്സ നിഷേധിക്കുന്നു. തിരുവനന്തപുരത്ത് ഹൃദയശസ്ത്രക്രിയകള്‍ക്കായി മെഡിക്കല്‍ കോളേജിനെയോ ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററിനെയോ സമീപിക്കാനാവാതെ രോഗികള്‍ നട്ടംതിരിയുകയാണ്. സ്വകാര്യ ആശുപത്രികള്‍ക്ക് ലക്ഷങ്ങള്‍ നല്കി അടിയന്തര ചികിത്സ നേടേണ്ട ഗതികേടിലാണ് ജനങ്ങള്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥലപരിമിതിയുടെ പേരില്‍ നിരവധി രോഗികളെയാണ് പറഞ്ഞുവിടുന്നത്. അടിയന്തര ആവശ്യവുമായെത്തുന്ന രോഗികളെ പോലും മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാന്‍ പറയുന്ന സ്ഥിതിവിശേഷമാണിന്ന്. അടിയന്തര ഹൃദയശസ്ത്രക്രിയ ആവശ്യമായ രോഗികളെപ്പോലും പറഞ്ഞുവിട്ട സംഭവമുണ്ടായി. ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചില മുതിര്‍ന്ന ഡോക്ടര്‍മാരുടെ മാനുഷിക പരിഗണനയില്ലാത്ത നിലപാടാണ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത്. ശ്രീചിത്രയില്‍ ഹൃദയശസ്ത്രക്രിയ നടത്തുന്ന ഓപ്പറേഷന് തീയേറ്ററുകള്‍ കൊറോണയുടെ പേരുപറഞ്ഞ് അടച്ചിട്ടിരിക്കുകയാണ്.
ഹൃദയശസ്ത്രക്രിയാ വിഭാഗത്തില്‍ മുപ്പതിലധികം ഡോക്ടര്‍മാരുള്ള ഇവിടെ കൊവിഡ് പോസിറ്റീവായാലും അടിയന്തര ശസ്ത്രക്രിയ നടത്താവുന്ന സംവിധാനമൊരുക്കാനാകും. പക്ഷേ, അതാതു വകുപ്പു മേധാവികളുടെ നിലപാടിനനുസരിച്ചാണ് ഇതുണ്ടാവുക. ശ്രീചിത്രയില്‍ ന്യൂറോ സര്‍ജറി വിഭാഗത്തില്‍,
കൊവിഡ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയുണ്ടായപ്പോള്‍ അടിയന്തര ശസ്ത്രക്രിയകള്‍ മുടങ്ങിയില്ല. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ഒന്നോ രണ്ടോ ഓപ്പറേഷന് തീയേറ്ററും തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്‍മാരേയും വച്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍ വകുപ്പു മേധാവിയായി കുട്ടികളുടെ സര്‍ജറി വിഭാഗം കൈകാര്യം ചെയ്യുന്ന ഡോക്ടറെയാണ് നിയമിച്ചിട്ടുള്ളതെങ്കിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മുന്‍ വകുപ്പ് മേധാവിയാണ്. ഇദ്ദേഹത്തിന്റെ അനുമതിയില്ലാതെ തിയേറ്ററുകള്‍ തുറന്നുകൊടുക്കുകയോ അടിയന്തര ഘട്ടത്തിലെത്തുന്ന രോഗികളെ പ്രവേശിപ്പിക്കുകയോ ചെയ്യുന്നില്ല.
മെഡിക്കല്‍ കോളേജിലെയും ശ്രീചിത്രയിലെയും ഡോക്ടര്‍മാരുടെ ഈ നിലപാടുമൂലം കടക്കെണിയിലായിരിക്കുകയാണ് കിളിമാനൂര്‍ കൊടുവന്നൂര്‍ വിളയില്‍ പുത്തന്‍വീട്ടില്‍ വിവേകാനന്ദന് (65). കഴിഞ്ഞ ദിവസം വെളുപ്പിന് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 16-ാം വാര്‍ഡില്‍ വിവേകാനന്ദനെ എത്തിച്ചെങ്കിലും വേണ്ട ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. വേദനകൊണ്ട് പുളഞ്ഞ വിവേകാനന്ദനെ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാനാണ് ബന്ധുക്കളോട് പറഞ്ഞത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അടിയന്തരമായി ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വേണമെന്ന് പറഞ്ഞു. അഞ്ചുലക്ഷത്തോളം രൂപ ചികിത്സാ ചെലവ് ആകുമെന്നതിനാല്‍ ശ്രീചിത്രയിലേക്ക് മാറ്റുന്നതിനായി ബന്ധുക്കള്‍ റഫറന്‍സ് ലെറ്ററുമായി ശ്രീചിത്രയിലെത്തിയെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരേണ്ട അവസ്ഥയിലാണ് കുടുംബം. ഇത്തരത്തില്‍ നിരവധി സാധാരണക്കാരായ കുടുംബങ്ങളാണ് അവശ്യചികിത്സ ലഭ്യമാകാതെ നട്ടംതിരിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: