കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകേസില്‍ ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ ഈയാഴ്ച്ച അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കും. അതേസമയം കൂടത്തായി കൊലപാതക പരമ്പരക്കേസുകളിലെ വിചാരണ നടപടികള്‍ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഈ മാസം ഇരുപത്തിയാറിലേക്ക് മാറ്റി.
കൂടത്തായിയിലെ ആറ് കൊലപാതകക്കേസുകളില്‍ അന്നമ്മ തോമസ് വധക്കേസിലാണ് ഹൈക്കോടതി ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് അന്വേഷണസംഘം സുപ്രീംകോടതിയെ സമീപിക്കുന്നത്. ആറു കേസുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഒരു കേസില്‍ ജാമ്യം അനുവദിച്ചാല്‍ പോലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് അപ്പീല്‍ നല്‍കുന്നത്.
കേസിലെ ആദ്യ ഇരുപത് സാക്ഷികള്‍ അടുത്ത ബന്ധുക്കളായതിനാല്‍ അവരെ സ്വാധീനിക്കാനുള്ള സാദ്ധ്യത ഒഴിവാക്കാനാണ് ശ്രമം. അതേസമയം കൂടത്തായിലെ ആറു കേസുകളിലും പ്രാഥമിക വിചാരണ നടപടികള്‍ക്ക് ഇന്നലെ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ തുടക്കമായി.
അഞ്ചാം പ്രതി നോട്ടറി വിജയകുമാര്‍ കോടതിയില്‍ ഹാജരാവാതിരുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.റിവേഴ്സ് ക്വാറന്റൈനിലാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. അടുത്ത തവണ ഉറപ്പായും ഹാജരാകാമെന്ന് തുടര്‍ന്ന് അഭിഭാഷകര്‍ അറിയിച്ചു. സംസാരിക്കണമെന്ന് ജോളി പറഞ്ഞെങ്കിലും ആദ്യം നിങ്ങളുടെ അഭിഭാഷകനോട് ഹാജരാകാന്‍ പറയൂ എന്നിട്ട് സംസാരിക്കാം എന്ന് കോടതി നിര്‍ദ്ദേശിച്ചു. അഡ്വ. ബി.എ. ആളൂര്‍ നേരിട്ട് ഹാജരാകാത്തതിലായിരുന്നു വിമര്‍ശനം. ആറു കേസുകളിലും വിടുതല്‍ ഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലാണ് ജോളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: