ഉപ്പുതോട് : ഉപ്പുതോട് സിഎസ്ഐ പള്ളിപ്പടി പതിനാറാംകണ്ടം റോഡിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ നാട്ടുകാര്‍ രംഗത്ത്. ആറ് പതിറ്റാണ്ടുകളായി ഉപ്പുതോട് നിവാസികള്‍ കാല്‍നടയാത്ര ചെയ്തു കൊണ്ടിരിക്കുന്ന റോഡാണ് ഇത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഇരുചക്രവാഹനങ്ങള്‍ പോലും കടന്നു പോകാന്‍ കഴിയാത്ത വിധം തകര്‍ന്നിട്ടും പ്രദേശവുമായി ബന്ധമുള്ള ജനപ്രതിനിധികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. വാത്തിക്കുടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്കും മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തുവാന്‍ നാട്ടുകാര്‍ക്ക് ആശ്രയം ഈ റോഡാണ്. സമീപവാസികള്‍ക്ക് പുറമേ മരിയാപുരം -കാമാക്ഷി പഞ്ചായത്തുകളിലെ ജനങ്ങളും ഏറ്റവുമധികം യാത്ര ചെയ്യന്നതും ഇതുവഴിയാണ്.1960 കളില്‍ കുടിയേറ്റ കര്‍ഷകരുടെ പട്ടയ നടപടികളെകുറിച്ച് പഠിക്കാനെത്തിയ മാത്യു മണിയങ്ങാടന്‍ സമിതി അക്കാലത്ത് കാല്‍നടയായി യാത്ര ചെയ്തതും ഈ വഴിയാണ്.
നാലര വര്‍ഷം മുന്‍പ് ഇപ്പോള്‍ നിലവിലുള്ള ത്രിതല പഞ്ചായത്ത് ഭരണ സമിതി അധികാരത്തിലെത്തിയ ശേഷം ഈ റോഡിന്റെ എല്ലാ പണികളും പൂര്‍ത്തീകരിക്കുമെന്ന് പല സന്ദര്‍ഭങ്ങളിലും ജനപ്രതിനിധികള്‍ വാഗ്ദാനം ചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സമീപത്തെ മറ്റ് ചില അപ്രധാന വഴികള്‍ക്ക് പോലും മുക്കാല്‍ കോടി രൂപ വരെ നീക്കി വച്ചപ്പോള്‍ ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന ഈ റോഡ് നന്നാക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: