ആലപ്പുഴ: കുട്ടനാട്ടിലെയും, അപ്പര്‍ കുട്ടനാട്ടിലെയും കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനായി സുരേഷ് ഗോപി, എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച 4.79 കോടി ജില്ലാ ഭരണകൂടവും, ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്ന് പാഴാക്കി. സ്ഥിരം ബണ്ട് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായാണ് മൂന്ന് തവണയായി 4.79 കോടി രൂപ എംപി അനുവദിച്ചത്. പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2017 ഡിസംബറില്‍ 2.50 കോടിയും, പിന്നീട് പദ്ധതി തുക വര്‍ദ്ധിപ്പിക്കണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി തുകയും അനുവദിക്കുകയായിരുന്നു. എന്നാല്‍ പദ്ധതി മാത്രം നടപ്പായില്ല.
ടെന്‍ഡര്‍ നടപടികള്‍ വൈകിപ്പിച്ച് കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാകുമായിരുന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെട്ടത്. ഉദ്യോഗസ്ഥരും, താല്‍ക്കാലിക ബണ്ടു മാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് പദ്ധതിയെ ഇല്ലായ്മ ചെയ്തതെന്ന ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമന് ആരോപിച്ചു. കാര്‍ഷിക മേഖലയെ തകര്‍ത്ത് മാഫിയകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.
തോട്ടപ്പള്ളിയിലെ മണല്‍ ഖനനം കാര്‍ഷിക മേഖലയെ സംരക്ഷിക്കാനും, വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കുട്ടനാടിനെ രക്ഷിക്കാനുമാണെന്ന പ്രഖ്യാപനം തട്ടിപ്പായിരുന്നെന്ന് വ്യക്തമാകുകയാണ്. ഇപ്പോഴും കരിമണല്‍ കടത്ത് തുടരുകയാണ്. 2018ലെ മഹാപ്രളയത്തെ തുടര്‍ന്നാണ് ലീഡിങ് ചാനലിലെയും പൊഴിമുഖത്തെയും മണല്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായത്.
കാലവര്‍ഷ സീസണിന് മുമ്പ് നടത്തേണ്ട പദ്ധതി നടപ്പാക്കിയത് കാലവര്‍ഷക്കാലത്താണ്. അതിനാല്‍ ഇത്തവണയും തകഴി, കൈനകരി, ചമ്പക്കുളം, എടത്വ, നെടുമുടി, പളിങ്കുന്ന്, വീയപുരം, അമ്പലപ്പുഴ, പുന്നപ്ര വടക്ക്, അമ്പലപ്പുഴ വടക്ക്, മണ്ണഞ്ചേരി തുടങ്ങിയ കൃഷി ഭവനുകളിലായി 2368.886 ഹെക്ടര്‍ പാടശേഖരങ്ങളില്‍ കൃഷി നശിച്ചു. ലീഡിങ് ചാനലിലെ നീരൊഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തി ഇഴഞ്ഞാണ് നീങ്ങുന്നത്. സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുകയല്ല, മറിച്ച് മണല്‍മാഫിയയ്ക്ക് സൗകര്യമൊരുക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നതായും സോമന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: