വാഷിങ്ടണ്‍: നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച. നാലു വര്‍ഷത്തിലൊരിക്കല്‍ ഈ ദിനത്തിലാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിന്റെ അന്തിമ വിധിയെഴുത്ത് ഇന്ന്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മൈക്കല്‍ റിച്ചാര്‍ഡ് പെന്‍സും മത്സരിക്കുന്നു. ഇന്ത്യന്‍ വംശജയായ കമലാ ദേവി ഹാരിസ് ആണ് ഡെമോക്രാറ്റ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.
ഔദ്യോഗിക വോട്ടെടുപ്പ് ചൊവ്വാഴ്ചയാണെങ്കിലും വോട്ടെടുപ്പ് പ്രക്രിയ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിനോടകം ഏകദേശം 10 കോടി പേര് വോട്ട് ചെയ്ത് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ജനങ്ങളുടെ കൂടുതല്‍ വോട്ടു കിട്ടിയതുകൊണ്ടു മാത്രം പ്രസിഡന്റാകാനാവില്ല. ജനകീയ വോട്ടിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിരിക്കുന്ന ഇലക്ടറല്‍ വോട്ടാണ് യഥാര്‍ത്ഥത്തില്‍ പ്രസിഡന്റിനെ തീരുമാനിക്കുക. ആകെയുള്ളത് 538 ഇലക്ടറല്‍ വോട്ടാണ് ഉള്ളത്. പ്രസിഡന്റിനെ തീരുമാനിക്കാന്‍ 270 പേര് മതിയാകും. ഓരോ സംസ്ഥാനത്തും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിക്കാണ് ആ സംസ്ഥാനത്തുനിന്നുള്ള ഇലക്ടര്‍മാരുടെ മുഴുവന്‍ വോട്ടുകളും ലഭിക്കുക. ഉദാഹരണത്തിന് ഒരു സംസ്ഥാനത്തിന് 10 ഇലക്ടറല്‍ വോട്ടുണ്ടെങ്കില്‍ പത്തും സംസ്ഥാനത്തുനിന്ന് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ത്ഥിക്കാകും ലഭിക്കുക. ഇലക്ടറല്‍ വോട്ടുകളെല്ലാം എണ്ണുമ്പോള്‍ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്റാകും. മിക്കപ്പോഴും കൂടുതല്‍ ജനകീയ വോട്ട് നേടുന്നവര്‍ക്കു തന്നെയാകും ഇലക്ടറല്‍ കോളജിലും ഭൂരിപക്ഷം. എന്നാല്‍ കഴിഞ്ഞ തവണ ട്രംപിന് 28 ലക്ഷത്തോളും ജനകീയ വോട്ടുകള്‍ കുറഞ്ഞിട്ടും ജയിക്കാനായി.
തെരഞ്ഞെടുപ്പിന് മുന്‍പുള്ള പോള്‍ ഫലങ്ങള്‍ ജോ ബൈഡന് അനുകൂലമാണ്. തെരഞ്ഞെടുപ്പുകളില്‍ വിജയിയെ നിശ്ചയിക്കുന്ന, നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകളില്‍ (ചാഞ്ചാട്ടമുള്ള സംസ്ഥാനങ്ങള്‍) ബൈഡന് മുന്നിലെന്നാണ് പോള്‍ ഫലങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: