കണ്ണൂര്‍: കൊവിഡ് 19 പരിശോധനയ്‌ക്ക് മതിയായ പരിശോധന ലാബുകള്‍ ജില്ലയില്‍ ഇല്ലാത്തത് രോഗികളെയും ജനങ്ങളേയും ബുദ്ധിമുട്ടിലാക്കുന്നു. പരിശോധനാ സൗകര്യങ്ങളുളള സഹകരണ ആശുപത്രികളുള്‍പ്പെടെ കോവിഡ് ടെസ്റ്റ് നടത്തുന്നതിന് അമിത ചാര്‍ജ്ജ് ഈടാക്കുന്നതായും പരാതി.
ആര്‍ടി-പിസിആര്‍ ടെസ്റ്റിന് 2100 രൂപയും ജെനെക്‌സ്‌പെര്‍ട്ട് ടെസ്റ്റിന് 2500 രൂപയും ആന്റിജന്‍ ടെസ്റ്റിന് 625 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിശോധന ഫീസ്. എന്നാല്‍ കണ്ണൂര്‍ നഗരത്തില്‍ സിപിഎം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രിയടക്കം പല ആശുപത്രികളും ലാബുകളും വിത്യസ്ത തുകകള്‍ ഫീസായി ഈടക്കുന്നതായാണ് പരാതി. ഏറ്റവും ചിലവ് കുറഞ്ഞ ആന്റിജന്‍ ടെസ്റ്റിന് കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ 800 രൂപ ഈടാക്കുന്നതായി ടെസ്റ്റിന് വിധേയരായവര്‍ ചൂണ്ടിക്കാട്ടുന്നു.അധികൃതരുടെ നടപടിയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ മാത്രമേ കൊവിഡ് പരിശോധന നടത്താന്‍ സാധിക്കൂവെന്നിരിക്കെ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി ലാബിനു മാത്രമാണ് നിലവില്‍ ഈ അനുമതിയുള്ളത്. അടിയന്തര ശസ്ത്രക്രിയയ്‌ക്കായുള്ള രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച് രണ്ട് മണിക്കൂറിനകം ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധനയ്‌ക്ക് ഭൂരിഭാഗം ആശുപത്രികളും ആശ്രയിക്കുന്നതും സ്വകാര്യ ലാബിനെയാണ്.
ജില്ലയില്‍ പരിശോധനക്കായി കൂടുതല്‍ സ്വകാര്യ ലാബ് ഇല്ലാത്തതാണ് ജനങ്ങളെയും ആശുപത്രികളെയും വലയ്‌ക്കുന്നത്. വിദേശത്തേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിച്ചത് മുതല്‍ പരിശോധനയ്‌ക്ക് എത്തുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നുണ്ട്. യാത്ര പുറപ്പെടുന്ന സമയത്തിന്റെ 96 മണിക്കൂറിനകം എടുത്ത പരിശോധനാ ഫലമാണ് ആവശ്യം. അതിനാല്‍ ഒരേ സമയം നിരവധി പേരാണ് പരിശോധനയ്‌ക്കായി എത്തുന്നത്. പെട്ടെന്ന് ഫലം അറിയേണ്ടതിനാല്‍ നിലവിലെ ലാബില്‍ ദിവസേന നൂറിലധികം പേരുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. അംഗീകാരമുള്ള ലാബുകളുടെ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് മാത്രമാണ് എയര്‍ലൈന്‍സുകള്‍ വിദേശ യാത്ര അനുവദിക്കുന്നത്.
പിഎച്ച്‌സികള്‍ ഉള്‍പ്പെടെ പലയിടത്തും ആന്റിജന്‍ പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ ഇവിടെ നിന്ന് കൊവിഡ് രഹിത സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ല. കോഴിക്കോട്, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളില്‍ പത്തിലധികം സ്വകാര്യ ലാബുകളില്‍ പരിശോധനയ്‌ക്ക് സൗകര്യമുള്ളപ്പോഴാണ്. കണ്ണൂര്‍ ജില്ലയില്‍ ഈ അപര്യാപ്തത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: