മക്കളേ,
മനുഷ്യന്റെ അഹങ്കാരമാണ് ഇന്നു ലോകത്തു കാണുന്ന മിക്ക പ്രശ്നങ്ങള്‍ക്കും അടിസ്ഥാനം. മനുഷ്യന് അഹങ്കാരത്തില്‍ ജനിക്കുന്നു, അഹങ്കാരത്തില്‍ ജീവിക്കുന്നു, അഹങ്കാരത്തില്‍ മരിക്കുന്നു. അഹങ്കാരത്തില്‍ മരിക്കുന്നുവെന്നാല്‍ മരണസമയത്തും അവന് അഹന്ത കൈവിടുന്നില്ല എന്നര്‍ഥം.
ഒരാള്‍ ദിവസവും പ്രഭാതസവാരിക്കിടയില്‍ പാടത്ത് ഒരു നോക്കുകുത്തി കാണാറുണ്ടായിരുന്നു. ഈ നോക്കുകുത്തിയെ ഭയപ്പെട്ട് പക്ഷികളും മൃഗങ്ങളും പാടത്തു പ്രവേശിച്ചിരുന്നില്ല. ഒരു ദിവസം അയാള്‍ നോക്കുകുത്തിയോടു ചോദിച്ചു, ‘നിങ്ങള്‍ എത്രയോ നാളായി ഏതു സമയവും ഇവിടെ നില്ക്കുന്നു. അല്പംപോലും വിശ്രമമില്ല. നിങ്ങള്‍ക്കു വിരസത തോന്നാറില്ലേ?’ നോക്കുകുത്തി പറഞ്ഞു, ‘ഒരിക്കലുമില്ല, കാരണം ഈ ജോലി ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.’ അയാള്‍ക്ക് അത്ഭുതം തോന്നി, ‘നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ ഒന്നും ഇവിടെ ഇല്ലല്ലോ. പിന്നെ എങ്ങനെയാണ് നിങ്ങള്‍ ഈ ജോലി ആസ്വദിക്കുന്നത്?’ നോക്കുകുത്തി പറഞ്ഞു, ‘പക്ഷികളും മൃഗങ്ങളും എന്നെക്കണ്ടു ഭയക്കുമ്പോള്‍ എനിക്കു വളരെയധികം സന്തോഷം തോന്നും. ഇവിടെ ഏറ്റവും ശക്തന് ഞാനാണ്. എല്ലാവരും എന്നെ ഭയപ്പെടുന്നു. ഇതില്‍ കൂടുതല്‍ എന്താണ് എനിക്കു വേണ്ടത്?’ നോക്കുകുത്തിയുടെ ഈ മനോഭാവം നിഷേധാത്മകമായ അഹങ്കാരത്തെ കാണിക്കുന്നു. അതു നമുക്കു സുഖം തരുന്നു എന്ന തോന്നലുണ്ടാക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അതിലധികം ദുഃഖവും തരും.
അഹങ്കാരം രണ്ട് തരത്തിലുണ്ട്. സ്വാര്‍ത്ഥമായ അഹങ്കാരവും നിസ്വാര്‍ത്ഥമായ അഹങ്കാരവും. ഒരു കുഞ്ഞ് തെറ്റു ചെയ്യുമ്പോള്‍ അതിന്റെ അമ്മ ശാസിക്കുന്നതും ശിക്ഷിക്കുന്നതും നിസ്വാര്‍ത്ഥമായ അഹങ്കാരത്തിന് ഉദാഹരണമാണ്. ആ ശാസനയില്‍ കുഞ്ഞിന്റെ നന്മ മാത്രമാണ് അമ്മ ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ മുമ്പില്‍ അമ്മ കാണിക്കുന്ന അഹങ്കാരം ഒരു മുഖംമൂടി മാത്രമാണ്. അതു ബന്ധിക്കില്ല. എന്നാല്‍ സ്വാര്‍ത്ഥതകൊണ്ടു നമ്മള് ഒരാളെ വേദനിപ്പിച്ചാല്‍ അതിന്റെ തിരിച്ചടി തീര്‍ച്ചയായും അനുഭവിക്കേണ്ടിവരും. അത് ബന്ധനത്തിനു കാരണമാകും.
നമ്മള് സാധാരണയായി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നുമെല്ലാം എന്തെങ്കിലും പ്രതീക്ഷിക്കും. എന്നാല്‍ അവരും നമ്മളില്‍ പ്രതീക്ഷ വയ്ക്കുമെന്നു നമ്മള് ചിന്തിക്കാറില്ല. നമ്മള് പ്രതീക്ഷിച്ചതുപോലെ അവര്‍ പെരുമാറണമെന്നും പ്രവര്‍ത്തിക്കണമെന്നും നമ്മള് ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ക്കുവേണ്ടി അല്പംപോലും വിട്ടുവീഴ്ച ചെയ്യാനോ സ്വയം മാറാനോ നമ്മള് തയ്യാറല്ല. മറ്റാരുമായും ഒത്തുപോകാന്‍ നമുക്കാവില്ല. എന്നാല്‍ നമ്മള് ഇച്ഛിക്കുന്നതനുസരിച്ച് അവര്‍ ജീവിക്കണം എന്നുള്ള പിടിവാശി അഹങ്കാരം തന്നെയാണ്. ജീവിതത്തിലെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണമാകുന്നത് ഈ അഹന്തയാണ്.
മനോഹരമായ പൂന്തോട്ടത്തില്‍ ഒരു കടന്നല്‍ക്കൂടുണ്ടെങ്കില്‍ അല്പനേരംപോലും അവിടെ സമാധാനമായിരുന്ന് പുഷ്പങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ നമുക്കു പറ്റില്ല. അതുപോലെ നമുക്ക് എന്തൊക്കെ നല്ല ഗുണങ്ങളും കഴിവുകളും ഉണ്ടായിരുന്നാലും നമ്മളില്‍ അഹന്ത മുന്നിട്ടുനില്‍ക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്കു നമ്മുടെ സാമീപ്യം ആസ്വദിക്കാന്‍ വിഷമമാണ്.
അഹന്ത കണ്ണിലെ കരടുപോലെയാണ്. കണ്ണില്‍ ഒരു കരടു വീണാല്‍ അതെടുത്തു കളയുന്നതുവരെ നമുക്കു സ്വസ്ഥതയുണ്ടാവില്ല. അതുപോലെ നമ്മുടെയുള്ളിലെ അഹങ്കാരത്തെ നീക്കാത്തിടത്തോളം കാലം നമുക്ക് ഒരു വിധത്തിലും സ്വസ്ഥത കിട്ടില്ല. തടിയില്‍ കൊത്തിയ മനോഹരവും അമൂല്യവുമായ ശില്പത്തെ നശിപ്പിക്കുന്ന ചിതലുപോലെയാണ് അഹങ്കാരം. ഈ അഹന്തയെ മുളയില്‍ തന്നെ നുള്ളിക്കളയാനുള്ള ജാഗ്രത കാണിച്ചില്ലെങ്കില്‍ അതു നമ്മുടെ ജീവിതത്തില്‍ വളരെയധികം നാശനഷ്ടങ്ങളുണ്ടാക്കും.
നമ്മിലെ ഈ അഹന്തയെക്കുറിച്ചും അതു സൃഷ്ടിക്കുന്ന വിനാശത്തെക്കുറിച്ചും നമ്മള് ബോധവാന്മാരാകണം. അഗ്നിപര്‍വതത്തിനു മുകളില്‍ പുഷ്പം വിരിയില്ല. അഹങ്കാരം അഗ്നിപര്‍വതം പോലെയാണ്. അഹന്തയുള്ളിടത്ത് ശാന്തിയുടെ പുഷ്പം വിരിയാന്‍ പ്രയാസമാണ്. അതുകൊണ്ട് അഹന്തയെയാണ് നമ്മള് മാറ്റേണ്ടത്.
അഹങ്കാരഭാവത്തെ നിയന്ത്രിക്കണം. വിനയശീലം വളര്‍ത്തുമ്പോള്‍ മാത്രമേ നമ്മള് യഥാര്‍ത്ഥത്തില്‍ വളരുകയുള്ളൂ. നമ്മളോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ സാധാരണ നമ്മളും തിരിച്ചു പ്രതികരിക്കും. എന്നാല്‍ ദേഷ്യപ്പെടുന്ന ആളോടു സൗമ്യമായി പെരുമാറിയാല്‍ അയാള്‍ക്ക് കുറ്റബോധം തോന്നി ക്ഷമ ചോദിച്ചു എന്നു വരാം. വിനയഭാവം വളര്‍ത്തുന്നതിലൂടെ നമുക്കും മറ്റുള്ളവര്‍ക്കും വളരാന്‍ കഴിയും. ‘സീറോ’ ആകാന്‍ തയ്യാറായാല്‍ നമുക്കു ശരിയായ ‘ഹീറോ’ അകാന്‍ കഴിയും. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കും നമുക്കും ആനന്ദവും ഉത്സാഹവും പകരുന്ന മധുരസംഗീതമാക്കാന്‍ നമുക്കു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: