കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നഗരത്തില്‍ നിര്‍മിച്ച ഫൂട്ട് ഓവര്‍ബ്രിഡ്ജ് കം എസ്കലേറ്റര്‍ കോര്‍പ്പറേഷന്റെ ഭരണനേട്ടമായി ചിത്രീകരിച്ച് ഉദ്ഘാടന മാമാങ്കം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും പദ്ധതിയെന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രിയും മേയറും എംഎല്‍എയും. കോര്‍പ്പറേഷന്റെ അഞ്ചു വര്‍ഷത്തെ ഭരണം മികച്ചതാണെന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയ പ്രസംഗവും നടത്തി.
പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കേന്ദ്രപദ്ധതിയാണെന്നോ കേന്ദ്രവിഹിതം എത്രയാണെന്നോ പറയാതെ പദ്ധതി നഗരസഭ നടപ്പിലാക്കുന്നു എന്ന തരത്തിലായിരുന്നു വിശദീകരണം. അമൃത് പദ്ധതിയെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നെങ്കിലും ഇതു വായിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ഉദ്ഘാടന ശിലാഫലകത്തില്‍ കേന്ദ്രപദ്ധതിയാണെന്നില്ല. ആശംസാ സന്ദേശം നല്കിയ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പേരും രേഖപ്പെടുത്തിയിരുന്നില്ല. അമൃത് പദ്ധതിയുടെ ലോഗോ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. പദ്ധതിയുടെ നിര്‍മാണം നടത്തിയവര്‍ക്കും കരാറുകാര്‍ക്കും നന്ദി പറഞ്ഞെങ്കിലും നിര്‍മാണത്തിനായി പകുതി തുക നല്കിയ കേന്ദ്ര ഗവണ്മെന്റിനെ കുറിച്ച് കോര്പ്പേറഷന് ഭരണാധികാരികള്‍ നിശബ്ദരാവുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വഹിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അദ്ധ്യക്ഷനായി. കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സന്ദേശം കോര്പ്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ് ചടങ്ങില്‍ വായിച്ചു. എം.കെ. രാഘവന് എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസ അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്, കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ, അമൃത് മിഷന് ഡയറക്ടര്‍ ഡോ. രേണുരാജ്, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, എ. പ്രദീപ് കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ബിജെപി കോര്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ ഉതകുന്ന തരത്തിലാണ് 11.35 കോടി രൂപ ചെലവില്‍ എസ്കലേറ്ററും ലിഫ്റ്റും നടപ്പാലവും നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 50 ശതമാനം തുകയായ 5.675 കോടി രൂപ കേന്ദ്രസര്‍ക്കാരാണ് നല്‍കിയത്. 30 ശതമാനം തുകയായ 3.405 കോടി സംസ്ഥാന സര്‍ക്കാരും 20 ശതമാനം തുകയായ 2.27 കോടി കോഴിക്കോട് കോര്‍പറേഷനുമാണ് വഹിച്ചത്. സംസ്ഥാനത്ത് ഒരു പൊതുറോഡില്‍ ഒരുങ്ങുന്ന ആദ്യ സംവിധാനമാണിത്.
നഗരങ്ങളുടെ സമ്പൂര്‍ണ വികസനത്തിനായി മോദി സര്‍ക്കാര്‍ വലിയ ശ്രദ്ധചെലുത്തുന്നു: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി
കോഴിക്കോട്: നഗരങ്ങളുടെ സമ്പൂര്‍ണ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ വലിയ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി. ദശാബ്ദങ്ങളായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന നഗരവികസന മേഖലയില്‍ 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആരംഭിച്ചത്. സ്വച്ഛഭാരത് മിഷന്, പി
എം ആവാസ് യോജന, അമൃത് പദ്ധതി, സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നിവ ഇത്തരത്തിലുള്ളതാണെന്നും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട്ട് നഗരത്തില്‍ നിര്‍മിച്ച ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കം എസ്കലേറ്റര്‍ ഉദ്ഘാടന ചടങ്ങിനയച്ച ആശംസാ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തിലൊരു പ്രവൃത്തി നടത്തിയത്. കോര്പ്പറേഷന് ഭരണകൂടം സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു. കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം ലക്ഷ്യം വെച്ചുള്ളതാണ് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കം എസ്കലേറ്റര്‍. ഇതിന്റെ കൃത്യമായ ഉപയോഗത്തിലൂടെ കോഴിക്കോട്ടുകാര്‍ നല്ല മാതൃക കാണിക്കുമെന്ന് ഉറപ്പുണ്ടെന്നും ഹര്‍ദീപ് സിങ് പുരി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: