തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ ഉള്‍പ്പെടുത്തി കേസെടുക്കാന്‍ കാരണമായ പരാതി പിന്‍വലിച്ചു. കമ്പനിയില്‍ പങ്കാളിത്തം നല്‍കാമെന്നു പറഞ്ഞ് കുമ്മനത്തിന്റെ മുന്‍ പി എ വാങ്ങിയ പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഹരികൃഷ്ണന് നമ്പൂതിരി യാണ് പോലീസിനെ സമീപിച്ചത്.
ആറന്മുള പോലീസ് കുമ്മനത്തെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഇട്ടു. പ്രാഥമിക അന്വേഷണം പോലും നടത്താതെ നിയമ വിരുദ്ധമായ പോലീസ് നടപടി വിവാദമായിരുന്നു. രാഷ്ട്രീയ പ്രേരിതമായി പോലീസിനെ ഉപയോഗിച്ച് നടത്തിയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
കുമ്മനം രാജശേഖരനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും പരാതിക്കാരനായ ഹരികൃഷ്ണന് നമ്പൂതിരി കേസ് എടുത്തപ്പോള്‍ തന്നെ പരസ്യമായി വെളിപ്പെടുത്തി. പണമിടപാട് സംബന്ധിച്ച് യാതൊരു കാര്യത്തിലും ഇടപെട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.പരാതി തന്നെ പിന്‍വലിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ഹരികൃഷ്ണന് പറഞ്ഞു.
പേപ്പര്‍ കോട്ടണ്‍ മിക്സ് നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി തന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി എന്നാണ് ഹരികൃഷ്ണന്റെ പരാതി. നല്കിയ മൊഴിയിലോ പരാതിയിലോ കുമ്മനം പണം വാങ്ങിയതായോ ഒന്നും പ്രതിപാദിച്ചിരുന്നില്ല.
കേസില്‍ കുമ്മനത്തെ മനപൂര്‍വം ഉള്‍പ്പെടുത്തുകയായിരുന്നെന്ന് നേരത്തേ വ്യക്തമായിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കേസില്‍ പ്രതിയാക്കിയത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇതെന്നും കുമ്മനം നേരത്തെ മറുപടി നല്‍കിയിരുന്നു.
കുമ്മനത്തെ തനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്നതാണ്. പണമിടപാട് കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കുമ്മനത്തിനെതിരെ ഒരു ആരോപണവും താന്‍ ഉയര്‍ത്തിയിട്ടില്ലെന്നും ഹരികൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: