കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി ഔദ്യോഗികമായി പിണറായി സര്‍ക്കാരിലേക്ക്. ഇതുവരെ കേസില്‍ അറസ്റ്റിലായവര്‍ സര്‍ക്കാരിന്റെ ഭാഗമല്ലായിരുന്നു. ഇപ്പോള്‍ ഇഡിയുടെ കസ്റ്റഡിയിലുള്ള എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ശിവശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടന്ന ചില പ്രധാന സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതോടെ സംസ്ഥാന സര്‍ക്കാരിലേക്ക് അന്വേഷണ നടപടി കടന്നു.
നാല് വന്‍കിട പദ്ധതികള്‍ പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് നടപ്പിലാക്കിയത്. മന്ത്രിമാരുടെയും വകുപ്പുകളുടെയും മേല്‍നോട്ടത്തില്‍ നടത്താമായിരുന്ന ഈ പദ്ധതികള്‍ എന്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തു? എന്തുകൊണ്ട് അവയെല്ലാം എം. ശിവശങ്കറിന്റെ നേതൃത്വത്തിലായി? എന്താണ് ശിവശങ്കര്‍ അവിടെ നടപ്പാക്കിയത്? ആരുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇതെല്ലാം? എന്നതാണ് ഇ ഡി അന്വേഷിക്കുന്നത്.
ഇ – മൊബിലിറ്റി (4500 കോടി), ഡൗണ്‍ ടൗണ്‍ (1500 കോടി), സ്മാര്‍ട്ട് സിറ്റി (1538 കോടി), കെ-ഫോണ്‍ (1028 കോടി) എന്നീ പദ്ധതികളിലെ ക്രമവിരുദ്ധ ഇടപെടലുകളും, ക്രമക്കേടുകളുമാണ് ഇ ഡി അന്വേഷിക്കുന്നത്. ഗതാഗതം, വൈദ്യുതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളാണ് പദ്ധതികള്‍ നടപ്പിലാക്കേണ്ടിയിരുന്നത്. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസ് ഈ വന്‍കിട മുതല്‍ മുടക്ക് പദ്ധതികള്‍ ഏറ്റെടുക്കുകയായിരുന്നു. 8566 കോടി രൂപയോളമാണ് ഈ പദ്ധതികള്‍ക്ക് മുടക്കുന്നത്.
ഏറ്റെടുത്ത ഭൂമി, അതിന്റെ വില നിശ്ചയിക്കല്‍, നിക്ഷേപങ്ങള്‍, സ്പോണ്‍സര്‍മാരായി പണം മുടക്ക് നടത്തിയവര്‍ തുടങ്ങിയവയുടെ വിവരങ്ങളാണ് ഇ ഡി പ്രതീക്ഷിക്കുന്നത്. വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട് ശിവശങ്കറുമായി അടുപ്പമുള്ള ചിലര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടവും നടത്തിയതായി വിവരമുണ്ട്. അറസ്റ്റിലായ ശേഷമുള്ള ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്ന് ലഭിച്ച വിവരങ്ങളും, സ്വപ്ന സുരേഷും, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലും നല്കിയ മൊഴികളും ആധാരമാക്കിയാണ് അന്വേഷണം സര്‍ക്കാര്‍ പദ്ധതികളിലേക്കും നീട്ടിയത്.
ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ചിരുന്ന മൂന്നാര്‍ ഭൂമി ഇടപാട്, പട്ടയം നല്കല്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് നിര്‍മാണ ജോലികള്‍, ദേശീയ പാതാ പദ്ധതികള്‍, കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ, ഗെയ്ല് പൈപ് ലൈന്‍, കിഫ്ബി വഴി നടപ്പാക്കുന്ന ചില പദ്ധതികള്‍ എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
മന്ത്രിസഭാ അനുമതി ഇല്ലാതെ ശിവശങ്കര്‍ കെ ഫോണ്‍ പദ്ധതിക്ക് കരാര്‍ നല്‍കിയത്. 49 ശതമാനം കൂടിയ തുകയ്ക്കായിരുന്നു ടെന്‍ഡര്‍. വിവാദ പ്രൈസ് വാട്ടേഴ്സ് കൂപ്പര്‍ കമ്പനിക്ക് ഇ മൊബിലിറ്റി പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്കിയതും അന്വേഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: