തൊടുപുഴ: മരിച്ചനിലയില്‍ കാണപ്പെട്ടയാളുടെ പോസ്റ്റുമോര്‍ട്ടം പോലീസ് സര്‍ജനെക്കൊണ്ടു ചെയ്യിക്കാന്‍ കുറിപ്പെഴുതിയ ഡ്യൂട്ടി ഡോക്ടര്‍ക്ക് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസി(ഡിഎച്ച്എസ്) ന്റെ ഭീഷണി. ഒക്ടോബര്‍ 28ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് സംഭവം.മരണകാരണം വ്യക്തമാകാത്ത കേസുകളില്‍ പോലീസ് സര്ജന് തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന 2018-ലെ മെഡിക്കോ ലീഗല്‍ കോഡ് നിര്‍ദേശം കാറ്റില്‍പ്പറത്തിയാണ് അധികൃതര്‍ ഇഎന്‍ടി സര്‍ജനെക്കൊണ്ടു പോസ്റ്റുമോര്‍ട്ടം നടത്തിച്ചത്.
വണ്ടന്മേട്ടില് വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട 68 വയസുകാരന്റെ മൃതദേഹമാണ് ആശുപത്രിയില്‍ എത്തിച്ചത്. വണ്ടന്മേട് പോലീസ് ആണ് മൃതദേഹം കൊണ്ടുവന്നത്.
എന്നാല്‍ മരണകാരണം അറിവായിട്ടില്ലായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് കണ്ട ഡ്യൂട്ടി ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം പോലീസ് സര്‍ജനെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ റെഫര്‍ ചെയ്യുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഇതിന് അനുമതിയും നല്കി.
എന്നാല്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇടുക്കി എസ്പി ഇടപെട്ട് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോക്ടറെ ഭീഷണിപ്പെടുത്തി കട്ടപ്പനയില്‍ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യിക്കുകയായിരുന്നു. കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ടന്നും ഉടന്‍ തന്നെ പോസ്റ്റുമര്‍ട്ടം ചെയ്തില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു മുകളില്‍ നിന്നുള്ള ഭീഷണി.
പോലീസ് സര്ജന് പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ സംശയകരമായ കേസുകളിലെ മരണകാരണം കണ്ടെത്താനാവുകയൂ. ഇത്തരത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ പോലീസ് നിര്‍ബന്ധം പിടിക്കുന്നത് സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ട കേസുകളില്‍ പോലും മരണകാരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കോ ലീഗല്‍ കോഡിന് വിരുദ്ധമായി പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നിര്‍ബന്ധിച്ച ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിനെതിരേ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കാനാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: