ന്യൂദല്‍ഹി: പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെയും ബിനീഷ് കോടിയേരിയെയും തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിരപരാധിയാണെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന് കള്ളപ്പണ, കഞ്ചാവ് കേസില്‍ അറസ്റ്റിലായതില്‍ കോടിയേരി ബാലകൃഷ്ണന് മനസ്സറിവില്ലെന്നും രണ്ടു ദിവസമായി തുടരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.
രാജ്യത്തെ അവശേഷിക്കുന്ന ‘കമ്യൂണിസ്റ്റ് തുരുത്ത്’ വിട്ടുകളയാതിരിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര കമ്മിറ്റിയില്‍ ഒരാള്‍ പോലും പിണറായിക്കോ കോടിയേരിക്കോ എതിരായി ശബ്ദിച്ചില്ല. നേതാക്കളുടെ തെറ്റുകള്‍ തിരുത്താനുള്ള ശേഷി സിപിഎമ്മിന് നഷ്ടമായെന്ന് വ്യക്തമാക്കുന്ന ഏകപക്ഷീയ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നുണ്ടായതെന്ന വിമര്‍ശനങ്ങള്‍ ഇതോടെ ശക്തമായി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട വിചിത്ര നിലപാടുകള്‍ക്കും സിപിഎം സിസി അംഗീകാരം നല്കി. കേരളത്തില്‍ കോണ്ഗ്രസിനെതിരും കേരളത്തിന് പുറത്തുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനൊപ്പവുമാണ് സിപിഎമ്മെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ സിപിഎം ഇടതു പാര്‍ട്ടികള്‍ക്കൊപ്പം മത്സരിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസും ഡിഎംകെയും അടങ്ങുന്ന സഖ്യത്തിന്റെ ഭാഗമായിരിക്കും. ആസാമില്‍ സിപിഎം കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിക്കും. ബംഗാളില്‍ സിപിഎമ്മും ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ട്, യെച്ചൂരി വിശദീകരിച്ചു.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിന്റെ നടപടിയെ യെച്ചൂരി ന്യായീകരിച്ചു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെതിരായിരുന്നു സിപിഎം. ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. ബിജെപിക്കെതിരാണ് സിപിഎം എപ്പോഴും നിലപാടെടുത്തിരിക്കുന്നത്.
ചൈനയോടുള്ള വിധേയത്വം വ്യക്തമാക്കി മലബാര്‍ നാവികാഭ്യാസത്തിനെതിരായ നിലപാട് വീണ്ടും സിപിഎം ആവര്‍ത്തിച്ചു. അമേരിക്കയുമായി സഖ്യം ചേര്‍ന്നുള്ള സൈനിക നടപടികള്‍ ഇന്ത്യ അവസാനിപ്പിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കണ്‍സള്‍റ്റന്‍സി കരാറുകള്‍ കൊടുക്കുന്ന പിണറായി സര്‍ക്കാരിന്റെ നിലപാട് വലിയ തോതില്‍ വിമര്‍ശന വിധേയമാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത് എന്ന ആക്ഷേപം പരിശോധിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ശിവശങ്കറിനെതിരായ കേസ്
എന്ത് ധാര്‍മ്മിക വീഴ്ചയാണ് പാര്‍ട്ടിക്ക് കേരളത്തില്‍ സംഭവിച്ചതെന്നാണ് പറയുന്നത്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉയര്‍ന്ന ഉടന്‍ തന്നെ അയാളെ സസ്പെന്‍ഡ് ചെയ്തു. ആരോപണമുയര്‍ന്ന വ്യക്തി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഐഎഎസുകാരെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അവരാണ് സംഭവങ്ങളെപ്പറ്റിയെല്ലാം അന്വേഷിക്കുന്നത്. നിയമപരമായ നടപടികള്‍ അവര്‍ സ്വീകരിക്കട്ടെ. അന്വേഷണം തുടരുകയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് ധാര്‍മ്മിക പ്രശ്നമാണുള്ളത്. എം. ശിവശങ്കറിന്റെ പ്രവൃത്തികള്‍ക്ക് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ യാതൊരു പങ്കുമില്ല. ശിവശങ്കരന് ചെയ്തതിന് അയാള്‍ അനുഭവിക്കണം.
ബിനീഷ് കോടിയേരിയുടെ അറസ്റ്റ്
ബിനീഷ് കോടിയേരി സിപിഎം അംഗമല്ല. അതിനാല്‍ തന്നെ കമ്യൂണിസ്റ്റ് മൂല്യങ്ങളും ജീവിത രീതികളും ഒന്നും ബിനീഷിന് ബാധകമല്ല. പാര്‍ട്ടി അംഗങ്ങള്‍ക്ക് മാത്രമാണ് പാര്‍ട്ടി ചട്ടക്കൂട് ബാധകം. ബിനീഷിനെതിരായ ഇ.ഡി അന്വേഷണത്തില്‍ കുറ്റം കണ്ടെത്തിയാല്‍ എന്തു നടപടിയും എടുക്കാമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: