തിരുവനന്തപുരം: നയതന്ത്ര ചാനലിന്റെ മറവിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇനിയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ല. സര്‍വീസില്‍ നിന്നു നീക്കേണ്ടിവരും. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയല്ലാതെ സംസ്ഥാനത്തിന് മറ്റു മാര്‍ഗ്ഗമില്ല. സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും സംരക്ഷിക്കുന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കം ചെയ്യാനോ ഐടി വകുപ്പിന്റെ ചുമതലയില്‍ നിന്നു മാറ്റാനോ ആദ്യം സര്‍ക്കാര്‍ തയാറായിരുന്നില്ല.
എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണം ശക്തതമാക്കിയതോടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയതും ഐടിവകുപ്പിന്റെ ചുമതലയില്‍ നിന്നൊഴിവാക്കിയതും. അവധിയില്‍ പ്രവേശിക്കുന്നുവെന്നാണ് ആദ്യം നല്കിയ വിശദീകരണം. ശിവശങ്കറിനെതിരെ കൂടുതല്‍ ആരോണങ്ങള്‍ ഉയര്‍ന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം സര്‍ക്കാര്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു സസ്പെന്ഷന്.
എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായി ശിവശങ്കര്‍ അറസ്റ്റിലായതോടെ ഇനി സര്‍വീസില്‍ നിലനിര്‍ത്തുക പ്രയാസമാകുമെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കുറ്റം ചെയ്തിരിക്കുന്നതിനാല്‍ നിലവില്‍ വകുപ്പുതല അന്വേഷണത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ മാറ്റേണ്ടിവരും. എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായുള്ള കുറ്റങ്ങള്‍ ചുമത്താന്‍ നിര്‍ബന്ധിതരാകും.
സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ ജോലിക്ക് ശുപാര്‍ശ ചെയ്യാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, യുഎഇ കോണ്‍സുലേറ്റുമായി അനധികൃതമായി ബന്ധം സ്ഥാപിച്ചു, സ്വര്‍ണക്കടത്തിലെ പ്രതികളുമായുള്ള ബന്ധം പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്കി തുടങ്ങിയവയാണ് നിലവില്‍ ശവശങ്കറിനെതിരെയുള്ള വകുപ്പുതല സമിതിയുടെ കണ്ടെത്തലുകള്‍. ഇവയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് അന്വേഷണ സമിതി ശിവശങ്കറിന് മെമ്മോ നല്‍കിയത്. പുതിയ കുറ്റങ്ങള്‍ കൂടി ചുമത്തി ശിവശങ്കറിന് വീണ്ടും നോട്ടീസ് നല്‍കാനാണ് അന്വേഷണ കമ്മീഷന്റെ തീരുമാനം.
ശിവശങ്കറിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കും. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാകും കമ്മീഷന് നേതൃത്വം നല്‍കുക. കമ്മിഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് അഖിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കാം. ശിവശങ്കര്‍ ഗുരുതര കുറ്റം ചെയ്തിരിക്കുന്നതിനാല്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ റിപ്പോര്‍ട്ട് നല്‍കാനേ കമ്മീഷനുമാകൂ. ഇല്ലാത്ത പക്ഷം കേന്ദ്രത്തിന് അന്വേഷണം പോലും നടത്താതെ ശിവശങ്കറിനെ പുറത്താക്കാം. അതിനാല്‍ തന്നെ ശിവശങ്കറിനെ ഇനി സര്‍ക്കാരിന് സംരക്ഷിച്ച് നിര്‍ത്താനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: