കൊല്ലം: മലിനജലം ഒഴുകുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് മരിച്ച യുവതിയുടെ മൃതദേഹം നാളെ സംസ്കരിക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന യുവതിയുടെ മൃതദേഹം പിതാവ് വിദേശത്തു നിന്ന് എത്തിയശേഷമായിരിക്കും സംസ്കരിക്കുക.
ഉളിയക്കോവില്‍ പഴയത്തു ജംഗ്ഷനു സമീപം സ്നേഹനഗറില്‍ ദാമോദര്മന്ദിരത്തില് മോസസ് ദാമോദറിന്റെ മകള്‍ അഭിരാമി (24) ആണ് കൊല്ലപ്പെട്ടത്. വെട്ടും കുത്തുമേറ്റ അമ്മ ലീന (48) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഫാമിലി നഗറില്‍ പഴയത്തു വീട്ടില്‍ ഉമേഷ് ബാബു (62), ഭാര്യ ശകുന്തള (56), മകള്‍ സൗമ്യ (20) എന്നിവരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. കൈയിലിരുന്ന കത്തി തുടയില്‍ തുളച്ചു കയറി പരിക്കേറ്റ് പ്രതി ഉമേഷ് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളെ ഇന്നലെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പഴയത്തു ജംഗ്ഷനു സമീപം ഫാമിലി നഗറില്‍ രണ്ടുസെന്റ് സ്ഥലത്താണ് ഉമേഷ് ബാബുവും ഭാര്യയും മകളും ഉള്‍പ്പെട്ട കുടുംബം താമസിക്കുന്നത്. വീടുകള്‍ക്കു സമീപത്തേക്കു മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി പരിസരവാസികളുമായി തര്‍ക്കം നിലനിന്നിരുന്നു. പരിസരവാസികള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു കോര്പ്പറേഷന് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പ്രശ്നം തീര്‍പ്പാക്കി. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ലീന നടന്നു വരുമ്പോള്‍ ഉമേഷിന്റെ ഭാര്യയും മകളും ഇതു മൊബൈല്‍ഫോണില്‍ പകര്‍ത്തി. ഇതേച്ചൊല്ലി ലീനയും ഉമേഷിന്റെ കുടുംബവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കത്തിയുമായി പാഞ്ഞെത്തിയ ഉമേഷ് ലീനയെ ആക്രമിച്ചു. നിലവിളികേട്ട് ഓടിയെത്തുമ്പോഴാണ് അഭിരാമിയെയും ആക്രമിച്ചത്. പിടിവലിക്കിടെ കത്തിയുമായി ഉമേഷും നിലത്തുവീണു.
സമീപവാസിയുടെ ആട്ടോയില്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ലീനയെയും അഭിരാമിയെയും എത്തിച്ചു. തുടര്‍ന്ന് ഇരുവരെയും സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കു മാറ്റിയെങ്കിലും അഭിരാമി മരിച്ചു. അഭിരാമിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അഭിരാമിയുടെ ബെംഗളൂരുവിലായിരുന്ന സഹോദരന് ക്ലിന്റ് മോസസ് സംഭവമറിഞ്ഞു നാട്ടിലെത്തി. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: