കൊല്ലം: സിപിഎം നേരിടുന്ന പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടെ ഇന്നലെ ചേര്‍ന്ന കൊല്ലം ജില്ലാ എല്‍ഡിഎഫ് യോഗത്തില്‍ സിപി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സിപിഐ. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയമാണ് കീറാമുട്ടിയാക്കി സിപിഎമ്മിനെ വേട്ടയാടാന്‍ സിപിഐ ആയുധമാക്കിയത്.
തുടക്കം മുതല്‍ ഇടഞ്ഞുനിന്ന സിപിഐ യോഗത്തില്‍ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ പോലും തയ്യാറായില്ല. യോഗ കീഴ്വഴക്കപ്രകാരം അധ്യക്ഷ സ്ഥാനം വഹിക്കേണ്ട എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍. അനിരുദ്ധന് അധ്യക്ഷകസേരയിലിരിക്കാതെ വിട്ടുനിന്നു. ഇതേ തുടര്‍ന്ന് മുന്‍ എംപി പി. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
മുമ്പ് ശത്രു പാളയത്തിലായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പ്രതിനിധികളെ സിപിഎം നേതാക്കള്‍ സ്വീകരിച്ച് ആനയിച്ച് യോഗത്തില്‍ മുന്‍ സീറ്റില്‍ തന്നെ ഇരിപ്പിടം നല്കിയതും തുടക്കത്തില്‍ തന്നെ യോഗത്തില്‍ കല്ല് കടിയുണ്ടാക്കി. സംസ്ഥാന നേതാക്കളായ വഴുതാനത്ത് ബാലചന്ദ്രനും ഉഷാലയം ശിവരാജനുമാണ് കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എല്‍ഡിഎഫ് യോഗത്തില്‍ എത്തിയത്.
ഇരുപത്തിയാറ് സീറ്റുള്ള കൊല്ലം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന് പതിനഞ്ചും സിപിഐക്ക് പത്തും കേരളാ കോണ്‍ഗ്രസ് (ബി)ക്ക് ഒരു സീറ്റുമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് നല്കാന് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ധാരണയായിരുന്നു. സിപിഐയുടെ സീറ്റാണ് കേരളാ കോണ്‍ഗ്രസിന് നല്കാന് സിപിഎമ്മില്‍ തത്ത്വത്തില്‍ ധാരണയായത്. ഈ തീരുമാനം സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ പോര്‍വിളിക്കാന്‍ കച്ചകെട്ടി വന്ന സിപി ഐ തുടക്കത്തില്‍ തന്നെ പ്രതിഷേധസ്വരം ഉയര്‍ത്തി അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ പോലും തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ സിപിഎം പത്തി താഴ്ത്തി. എന്നാലും തങ്ങളുടെ ഒരു സീറ്റ് പോലും വിട്ടുതരില്ലെന്ന് സിപിഐ പരസ്യമായി തുറന്നടിച്ചു.
സ്വര്‍ണക്കള്ളക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളില്‍ തലയില്‍ മുണ്ടിട്ടു നടക്കുന്ന സിപിഎം നേതാക്കളുടെ ജാള്യത ഇന്നലത്തെ യോഗത്തിലും പ്രകടമായിരുന്നു. സിപിഐയുടെ വെല്ലുവിളിയെ പ്രതിരോധിക്കാനുള്ള ആര്‍ജവം ഇന്നലത്തെ യോഗത്തില്‍ സിപിഎമ്മിന് ഇല്ലായിരുന്നുവെന്ന് വേണം വിലയിരുത്താന്‍. അതുകൊണ്ടുതന്നെ സീറ്റ് വിഭജനം സംബസിച്ചുള്ള ചര്‍ച്ച ഇന്നലത്തെ യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതുമില്ല.
കേരളാ കോണ്‍ഗ്രസിന് നല്കാന് സിപിഎം തീരുമാനിച്ചത് സിപിഐ യുടെ രണ്ട് സീറ്റുകളാണ്. അതില്‍ ഒന്ന് ചവറയാണ്. ചവറയില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫില്‍ ആലോചിക്കാതെ സിപിഎം ഏകപക്ഷീയമായാണ് ഈ തീരുമാനം എടുത്തത്. കൂടാതെ എല്‍ഡിഎഫ് ഘടകകക്ഷികളായ എന്‍സിപി, ജനതാദള്‍ (എസ്), ലോക് താന്ത്രിക് ജനതാദള്‍, ആര് എസ്പി (എല്‍) എന്നിവരും ഇക്കുറി സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനിടെ സിപിഐയിലെ പടലപ്പിണക്കമാണ് സിപിഎമ്മിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.സ്. സുപാലും ആര്. രാജേന്ദ്രനും തമ്മിലുള്ള പോര് പാര്‍ട്ടി ജില്ലാ ഘടകത്തിന് തലവേദനയായിരിക്കുകയാണ്. എട്ടുമാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തര്‍ക്കം കാരണം സിപിഐ ജില്ലാ കൗണ്‍സില്‍ ചേരാനായത്. എന്നാലും സീറ്റ് വിഭജന കാര്യത്തില്‍ സിപിഎമ്മിനെതിരെ പരസ്യമായി രംഗത്തുവരാന്‍ സിപിഐ തയ്യാറെടുത്തെങ്കിലും പാര്‍ട്ടി സെക്രട്ടറി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ട് വിഷയം പൊതുനിരത്തില്‍ വലിച്ചിഴയ്ക്കാതെ ഒതുക്കി വച്ചിരിക്കുന്നതായാണ് അറിയുന്നത്. എല്ലാ ഘടകകക്ഷികളില്‍ നിന്നും ഈ രണ്ട് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: