കൊല്ലം: മകന് തെറ്റ് ചെയ്തതിന് അച്ഛനെന്ത് പിഴച്ചുവെന്ന ചോദ്യമാണ് ഇപ്പോള്‍ എകെജി സെന്ററില്‍ നിന്നുയരുന്നത്. അച്ഛന് പാര്‍ട്ടി സെക്രട്ടറിയായതിന്റെ ആനുകൂല്യമാണ് ഈ പുതിയ ന്യായീകരണ കാപ്സ്യൂളിന്റെ അടിസ്ഥാനമെന്ന് കൊല്ലത്തുള്ള പാര്ട്ടിക്കാര് ആക്ഷേപിക്കുന്നു. ദീര്‍ഘകാലം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും 2005-2010 കാലത്ത് കോര്പ്പറേഷന് കൗണ്‍സിലറുമായിരുന്ന ഡി. രാധാകൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയതെന്തിനെന്ന ചോദ്യമാണ് സിപിഎം അണികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.
രാധാകൃഷ്ണന്റെ മകനെ സ്പിരിറ്റ് കടത്തില്‍ പിടികൂടിയത് വിവാദമായപ്പോഴായിരുന്നു പാര്‍ട്ടി നടപടി. സ്വന്തം വാഹനത്തില്‍ സ്പിരിറ്റ് കടത്തുന്നതിനിടെയാണ് രാധാകൃഷ്ണന്റെ മകന് അന്ന് കായംകുളത്ത് അറസ്റ്റിലായത്. കോര്‍പ്പറേഷനിലെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കൗണ്‍സിലറായിരുന്ന രാധാകൃഷ്ണന് അന്ന് ആ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. അംഗത്വത്തില്‍ നിന്നുതന്നെ രാധാകൃഷ്ണനെ പുറത്താക്കിയാണ് പാര്‍ട്ടി നടപടിയെടുത്തത്. പിന്നീട് ഇന്നേവരെ ഒരിക്കല്‍പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയില്ല. ഒരു സമയത്ത് മേയര്‍ സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെയാണ് മകന് സ്പിരിറ്റ് കേസില്‍ പെട്ടതിന്റെ പേരില്‍ അന്ന് സിപിഎം പുറത്താക്കിയത്.
ഡി. രാധാകൃഷ്ണനില്ലാത്ത എന്ത് അവകാശമാണ് കോടിയേരി ബാലകൃഷ്ണനുള്ളതെന്ന അണികളുടെ ചോദ്യത്തിന് ഉത്തരമില്ല. രാധാകൃഷ്ണന്റെ മകന് സ്പിരിറ്റ് കടത്തി. കോടിയേരിയുടെ മകന് കടത്താത്തതൊന്നുമില്ല. മയക്കുമരുന്ന്, സ്വര്‍ണക്കടത്ത്, ബിനാമി ഇടപാടുകള്‍ തുടങ്ങി അറസ്റ്റും കേസുകളും ആക്ഷേപങ്ങളുമായി മകന് പൊതുമധ്യത്തില്‍ കുറ്റവാളിയായി നില്‍ക്കുമ്പോഴും കോടിയേരി പുണ്യവാളനാണെന്ന മട്ടിലുള്ള സിപിഎം വാദങ്ങള്‍ പാര്‍ട്ടിയെ ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നു.
പാര്‍ട്ടിയിലെ സമ്പന്ന നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും രണ്ട് നീതിയും രണ്ട് പെരുമാറ്റച്ചട്ടവുമാണെന്ന് പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നു. കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും പൊതുമധ്യത്തില്‍ പാര്‍ട്ടിക്കാരനായി ബിനീഷിനെ കൊണ്ടുനടക്കുകയും പാര്‍ട്ടിപ്രവര്‍ത്തകരുടെ മുഖത്ത് കരിതേക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം കോടിയേരി ബാലകൃഷ്ണനുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: