കല്‍പ്പറ്റ: മലയാള സിനിമയില്‍ പുരുഷാധിപത്യമില്ലെന്നും സ്ത്രീ പുരുഷ സമത്വം നിലനില്‍ക്കുന്നുണ്ടെന്നും അബു സലീം. ദി ഷോക്ക് എന്ന ഷോര്‍ട്ട് ഫിലിമിന്റെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് അബു സലീമിന്റെ പ്രതികരണം.
ദിലീപ് വിഷയത്തില്‍ തെറ്റും ശരിയും പറയാനില്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിഷിക്കും. എല്ലാവര്ക്കും തുല്യ പ്രാധാന്യമാണ് സിനിമ മേഖല നല്‍കുന്നത്. അമ്മയിലും പുരുഷ മേധാവിത്വം ഇല്ല. ഇടവേള ബാബു നടിയെ കുറിച്ച് പറഞ്ഞതില്‍ തെറ്റ് കാണേണ്ടതില്ല. അദ്ദേഹം പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. ഒരു സംഘടനയായാല്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഉണ്ടാകും. അബു സലിം പറഞ്ഞു.
ഇന്നാണ് ദി ഷോക്ക് എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യുന്നത്. ശരത് ചന്ദ്രന് വയനാട് രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിം എംആര്‍ പ്രൊഡക്ഷന്റെ ബാനറില്‍ പി.കെ. മുനീര്‍, എം.പി റഷീദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അബു സലീമാണ് മുഖ്യ കഥാപാത്രമവതരിപ്പിക്കുന്നത് പുത്തുമല ദുരന്തത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് ചിത്രം. ദുരന്തമുഖത്ത് തന്റെ കുടുംബം നഷ്ടപ്പെടുന്ന ഹംസ എന്ന കഥാപാത്രമാണ് അബു സലീം ചെയ്യുന്നത്.
വര്‍ഷങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ ലഭിച്ചിട്ടില്ലെന്ന് അബു സലീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30 ലക്ഷം ആളുകള്‍ ഇതിനോടകം ട്രെയ്ലര് കണ്ടു കഴിഞ്ഞു. നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലുകളില്‍ നോമിനേഷനും ലഭിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ശരത് ചന്ദ്രന് വയനാട്, പി.കെ. മുനീര്‍, എം.പി. റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: