തൊടുപുഴ: ജില്ലയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്ത്രീകള്‍ക്കെതിരായി 308 കുറ്റകൃത്യങ്ങളാണ് ഒമ്പത് മാസത്തിനിടെ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 65 എണ്ണം ഇവര്‍ക്ക് നേരിട്ട മാനഹാനിയുമായി ബന്ധപ്പെട്ടാണ്. 65 എണ്ണം സ്ത്രീകള്‍ക്കെതിരായ ശാരീരിക പീഡനമാണ്.
ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള പീഡനവുമായി ബന്ധപ്പെട്ട 45 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അമ്പതും കുട്ടികളെ പീഡിപ്പിച്ച കേസുകളാണ്. പീഡനശ്രമത്തിന് ഒരു കേസുമെടുത്തിട്ടുണ്ട്. 56 കുറ്റകൃത്യങ്ങള്‍ മാനഹാനിയുണ്ടാക്കിയതിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ബാലനീതി നിയമപ്രകാരം 23 കേസുകളാണ് ഈ വര്‍ഷമെടുത്തത്. ആറ് പ്രകൃതിവിരുദ്ധ പീനങ്ങളും ഇക്കാലത്ത് ഉണ്ടായി. തട്ടികൊണ്ടു പോയതിന് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 10 പേര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഇന്നലെ തൊടുപുഴ ഉണ്ടപ്ലാവില്‍ കുട്ടിയെ മര്‍ദ്ദിച്ചതും ഡിവൈഎഫ്ഐ നേതാവിന്റെ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. സംഭവത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രതിഷേധ സമരവുമായി രംഗത്തെത്തി കഴിഞ്ഞു.
വെള്ളിയാഴ്ചയാണ് ഉണ്ടപ്ലാവില്‍ 5 വയസുകാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയ്ക്ക് ബന്ധുവിന്റെ മര്‍ദ്ദനമേറ്റത്. മരപ്പണിയുടെ ഭാഗമായി സ്ഥലത്തെത്തിയതായിരുന്നു കുടുംബം. ഇതിനിടെ കുട്ടി അനുസരണകേട് കാട്ടിയതിന് ബന്ധു പിടിച്ച് തള്ളുകയായിരുന്നു. തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇത്തരത്തില്‍ നിസാര കേസിന് പോലും കുട്ടികളെ മര്‍ദ്ദിക്കുന്ന സംഭവം ജില്ലയില്‍ കൂടുന്നതായാണ് കണക്കുകള്‍ പോലും വ്യക്തമാക്കുന്നത്.
കുട്ടിയെ തള്ളിവിട്ടെന്ന് പറയുന്ന ഉണ്ടപ്ലാവിലെ വാടക വീട്ടില്‍ പോലീസെത്തി തെളിവെടുപ്പ് നടത്തി. സമീപവാസികളുടേയും മൊഴികള്‍ ശേഖരിച്ചു. വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഉടന്‍ സ്ഥലത്ത് തെളിവെടുപ്പിനെത്തിക്കും. മുമ്പും കുട്ടിയെ മര്‍ദ്ദിക്കുന്ന പ്രവണത ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇത് പറഞ്ഞ് വിലക്കിയെങ്കിലും കുടുംബം അനുസരിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. കര്‍ശന നടപടികള്‍ ഇക്കാര്യങ്ങളില്‍ ആവശ്യമാണെന്ന് ബാലാവകാശ പ്രവര്‍ത്തകരും പറയുന്നു.
മറക്കാനാകുമോ ആര്യന് എന്ന ഏഴ് വയസുകാരനെ?
മലയാളികള്‍ക്ക് അത്ര വേഗം മറക്കാനാകാത്ത മുഖമാണ് കുമാരമംഗലത്ത് വാടക വീട്ടില്‍ താമസിക്കവെ കൊല്ലപ്പെട്ട ആര്യന് എന്ന ഏഴുവയസുകാരന്. ഒന്നര വര്‍ഷം മുമ്പ് കുട്ടിയെ അമ്മയുടെ കാമുകന് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഭിത്തിയിലേക്ക് എറിഞ്ഞ് കൊല്ലുകയായിരുന്നു. തല ഭിത്തിയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടി ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്ന ശേഷമാണ് അന്ത്യശ്വാസം വലിച്ചത്.
അമ്മ അഞ്ജനയുടെ കാമുകന് തിരുവനന്തപുരം നന്ദന്‍കോട് അരുണ്‍ ആനന്ദാണ് കേസിലെ മുഖ്യപ്രതി. തിരുവനന്തപുരത്ത് വെച്ച് ഭര്‍ത്താവ് ബിജു മരിച്ച്് മാസങ്ങള്‍ കഴിയും മുമ്പെ അഞ്ജന അരുണിനൊപ്പം രണ്ട് കുട്ടികളുമായി നാടുവിടുകയായിരുന്നു.
2019ല്‍ മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ അരുണ്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പുലര്‍ച്ചെയോടെ ബോധമറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചപ്പോഴും അമ്മയും അരുണും ചേര്‍ന്ന് അധികൃതരുമായി തര്‍ക്കിച്ച് സമയം കളഞ്ഞു. പിന്നീട് 10 ദിവസത്തിന് ശേഷം ഏപ്രില്‍ എട്ടിന് കുട്ടി മരിച്ചു.
മലയാളി അത്ര വേഗം മറക്കാനിടയില്ലാത്ത ക്രൂരമുഖമായി അതോടെ അരുണ്‍ മാറി. ഏറെ കൊളിളക്കം സൃഷ്ടിച്ച കേസാണ് ആര്യന്റെ കൊലപാതകം.
മുഖ്യപ്രതിയായ അരുണ്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ഇളയകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും പ്രതിക്കെതിരെ പോക്സോ കേസുണ്ട്. കുത്തഴിഞ്ഞ ജീവിതത്തിലൂടെ രണ്ട് കുട്ടികളുടെ ഭാവിയാണ് ഇരുവരും തകര്‍ത്തത്. ഇതില്‍ ഇളയകുട്ടി അച്ഛന്റെ കുടുംബത്തോടൊപ്പമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: