തിരുവനന്തപുരം: ബിനീഷ് കോടിയേരി എന്ന അധോലോക സാമ്രാജ്യത്തിന്റെ ചെയ്തികളില്‍ പടുകുഴിയിലായത് സിപിഎം. പാര്‍ട്ടി പ്രവര്ത്തകന് അച്ചടക്കം വേണമെന്ന് ശഠിക്കുന്ന പാര്‍ട്ടിക്ക് പാര്‍ട്ടി സെക്രട്ടറിയുടെ മകനെ നേര്‍വഴിക്ക് നടത്താനായില്ല. സെക്രട്ടറിയുടെ മകനെന്ന അഹങ്കാരത്തില്‍ ചെറുപ്പം മുതല്‍ എന്തുമാകാം എന്ന നിലയില്‍ ജീവിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം അതിനുകുടപിടിച്ചു. ഇപ്പോള്‍ അനിവാര്യമായ ദുരന്തത്തിലേക്ക് അതടുക്കുന്നു.
അച്ഛന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പടുത്തുയര്‍ത്തിയ ബിനീഷിന്റെ സാമ്രാജ്യം അധോലോകത്തെപോലും വെല്ലുന്ന തരത്തില്‍ വളര്‍ന്നു. ഭരണത്തെയും അധോലോകത്തെയും ഒരേ സമയം നിയന്ത്രിക്കുന്ന ബോംബെ മോഡലായിരുന്നു ബിനീഷിന്റേത്. എല്ലാ മേഖലകളിലും ബിനീഷിന്റെ ഇടപെടല്‍. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മന്ത്രിയെ സല്യൂട്ട് ചെയ്യുന്നതിനേക്കാള്‍ പോലീസിന് താല്‍പ്പര്യം ബിനീഷിനെ സല്യൂട്ട് ചെയ്യുന്നതിലായിരുന്നു. ഈ സ്വാധീനം കണ്ടുനിന്നവരെല്ലാം ബിനീഷിന്റെ ഒപ്പം കൂടി. ഗുണ്ടകള്‍ക്ക് ജയില്‍ മോചനം, കള്ളക്കടത്തുകാര്‍ക്ക് പോലീസ് സംരക്ഷണം, വട്ടിപ്പലിശക്കാരുമായുള്ള ചങ്ങാത്തം, സിനിമാ നിര്‍മ്മാതാക്കളുടെ ഉറ്റ ചങ്ങാതി, കായിക മേഖലയിലെ സ്വാധീനം തുടങ്ങി എല്ലായിടത്തും ബിനീഷ് എന്ന അധോലോക താരം വളരുകയായിരുന്നു.
പാര്‍ട്ടി പ്രതിയോഗികളെ തല്ലാന്‍ എത്ര ആളെ വേണമെങ്കിലും ബിനീഷ് നല്‍കും. അതിനാല്‍ ജില്ലാ ഘടകങ്ങളുടെയും കീഴ്ഘടകങ്ങളുടെയും ഉറ്റ തോഴനുമായി. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയെല്ലാം തലപ്പത്ത് കിരീടം വയ്ക്കാത്ത രാജാവായി വാണു. തലസ്ഥാന നഗരത്തിലെ എല്ലാ ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെയും നേതൃത്വം ഒരുകാലത്ത് ബിനീഷിനായിരുന്നു. യൂണിേവഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് വലിയ അധോലോക ശൃംഖല ബിനീഷ് രൂപപ്പെടുത്തി.
മക്കളുടെ ചെയ്തികള്‍ക്ക് പാര്‍ട്ടി യോഗങ്ങളില്‍ മറുപടി പറയേണ്ടി വന്നപ്പോള്‍ ബിനോയിയെയും ബിനീഷിനെയും കോടിയേരി വിദേശത്തേക്ക് നാടുകടത്തി. ലോക മുതലാളിമാരില്‍ ഒരാളുടെ കമ്പനിയില്‍ ഉന്നത പദവി. പ്രത്യേകിച്ച് യോഗ്യതയൊന്നുമില്ലാതിരുന്നിട്ടും ലക്ഷങ്ങള്‍ ശമ്പളം. എന്നാല്‍ അവിടെയും ബിനീഷ് സമയം കണ്ടെത്തിയത് ഏതു തരത്തിലും പണം ഉണ്ടാക്കാനായിരുന്നു. അര ഡസനിലേറെ കേസുകളാണ് ബിനോയിക്കും ബിനീഷിനുമെതിരെ ദുബായില്‍ ഉണ്ടായിരുന്നത്. നിവൃത്തിയില്ലാതായപ്പോള്‍ ജോലി കൊടുത്ത മുതലാളി തന്നെ കോടിയേരിയുമായി സംസാരിച്ച് ജോലിയില്‍ നിന്ന് ഒഴിവാക്കി.
പോലീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞതിനും നന്ദാവനം എആര്‍ ക്യാംപില്‍ കയറി പോലീസിനെ ആക്രമിച്ചതിനും ഉള്‍പ്പെടെ പത്തോളം കേസുകള്‍ തലസ്ഥാനത്തുമുണ്ടായിരുന്നു. കോടിയേരി എന്ന ആഭ്യന്തര മന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും മകനായതിനാല്‍ കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടു.
പാര്‍ട്ടി അംഗമല്ലെന്ന് കൈകഴുകി സിപിഎം
ബിനീഷിന് പാര്‍ട്ടി അംഗത്വമില്ലെന്ന് കൈകഴുകി സിപിഎം. അതിനാല്‍ ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിയെ ബാധിക്കില്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തിന്റെ അച്ചടക്കത്തെപറ്റി ചോദിച്ചപ്പോള്‍ ഉത്തരം മുട്ടുന്നു. ഇഡി ബിനീഷിനെ വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന് പറഞ്ഞു. മയക്കുമരുന്ന് കേസില്‍ അല്ല ബിനീഷിനെ അറസ്റ്റ് ചെയ്തതെന്നാണ് കാനത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: