ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസില്‍ സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്.
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസിലെ പ്രധാന പ്രതി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് ഇഡി വ്യക്തമാക്കി. അനൂപിന്റെ ബോസാണ് ബിനീഷ്. അനൂപ് ചെയ്തിരുന്നതെല്ലാം ബിനീഷിന്റെ നിര്‍ദേശ പ്രകാരമുള്ള കാര്യങ്ങളാണ്. അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി ബെംഗളൂരുവില്‍ നിരവധി ബിസിനസ്സുകള്‍ ചെയ്തിരുന്നെന്നും ഇഡി കണ്ടെത്തി. മൂന്നരക്കോടിയോളം രൂപ ബിനീഷ്, അനൂപ് മുഹമ്മദിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ബെംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്തത് ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം. പ്രാഥമിക ഘട്ടത്തില്‍ കള്ളപ്പണ നിരോധന നിയമത്തിലെ 3,4 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിലെ ആറാം പ്രതിയാണ് ബിനീഷ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് അറസ്റ്റു രേഖപ്പെടുത്തി സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ നാലരയോടെ ഇഡി കസ്റ്റഡിയില്‍ ലഭിച്ചിരുന്നു. രാത്രി ഒന്പതുവരെ ചോദ്യം ചെയ്തു. സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങളോട് ആദ്യ ദിവസം ബിനീഷ് സഹകരിച്ചിരുന്നില്ല.
എന്നാല്‍, ഇന്നലെ രാവിലെ ബാങ്ക് രേഖകള്‍, അനൂപ് മുഹമ്മദില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ മുന്‍ നിര്‍ത്തിയുള്ള ചോദ്യം ചെയ്യലില്‍ ബിനീഷില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് അറിവ്.
കന്നട സിനിമാ മേഖലയുമായുള്ള ലഹരിമരുന്നു ഇടപാടുകളിലെ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായും അന്വേഷണ ഏജന്‍സികള്‍ക്ക് സൂചനയുണ്ട്. മയക്കുമരുന്ന് കേസ് കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി)ക്കു പുറമെ കര്‍ണാടക പോലീസിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി), ആഭ്യന്തര സുരക്ഷാ വിഭാഗം (ഐഎസ്ഡി) എന്നീ ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. ഈ മൂന്ന് ഏജന്‍സികളും ചോദ്യം ചെയ്യാനായി ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങും. ലഹരി കേസുകളില്‍ അറസ്റ്റിലായവര്‍ക്ക് അന്തര്‍ സംസ്ഥാന-രാജ്യാന്തര ബന്ധങ്ങളുണ്ടെന്ന വ്യക്തമായ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ബിനീഷിനെ കാണാന്‍ ഇന്നലെ സഹോദരന് ബിനോയ് കോടിയേരിയും അഭിഭാഷകരും ശ്രമിച്ചെങ്കിലും തിങ്കളാഴ്ച എത്താനാണ് ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: