ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ അത് ഇത്രത്തോളം വരുമെന്ന് ആരും കരുതിയില്ല. ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായതോടെ പുറത്തുവരുന്ന വിവരങ്ങള്‍ പാര്‍ട്ടിയിലെ താപ്പാനയായ പിണറായിയെപ്പോലും ഞെട്ടിക്കുകയാണോ? ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തതിനെക്കുറിച്ച് പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ഒരക്ഷരം പോലും പിണറായി പ്രതികരിക്കാതിരുന്നത് ഇതുകൊണ്ടാവാം. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദ് എന്നയാള്‍ നാര്‍കോര്‍ട്ടിക്‌സ് ബ്യൂറോയുടെ പിടിയിലായതോടെയാണ് ബിനീഷിന്റെ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സൂചന ലഭിച്ചത്. അനൂപിന് താന്‍ കൈവായ്പയായി കുറച്ചുപണം കൊടുക്കുക മാത്രമാണുണ്ടായതെന്നു പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ബിനീഷ് നടത്തിയെങ്കിലും അത് മഞ്ഞുമലയുടെ മേല്‍തുമ്പു മാത്രമാണെന്ന് അധികം വൈകാതെ അറിഞ്ഞു. നാര്‍കോട്ടിക്‌സ് ബ്യൂറോ അനൂപിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ബിനീഷിന്റെ ബിനാമി മാത്രമാണെന്നും, കോടിക്കണക്കിനു രൂപ ബിനീഷ് കൈമാറിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ ലഭിച്ചു. ഇതിനെക്കുറിച്ചുള്ള അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാവാതിരുന്നതിനാലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ബിനീഷിനെ അറസ്റ്റു ചെയ്തത്.
ആലിബാബയും കള്ളന്മാരും തമ്മിലുള്ള ബന്ധം പോലെയാണ് കോടിയേരിയും മക്കളും തമ്മിലുള്ളതെന്ന് പറയേണ്ടിവരുന്നു. മക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പുകളും സദാചാര വിരുദ്ധ പ്രവൃത്തികളുമൊക്കെ വന്നപ്പോള്‍ പൊതുപ്രവര്‍ത്തകനെന്ന നിലയ്‌ക്ക് മക്കളെ തള്ളിപ്പറയുന്നതിനു പകരം ഇതൊക്കെ അവരുടെ സാമര്‍ത്ഥ്യമാണെന്ന മട്ടിലാണ് കോടിയേരി പ്രതികരിച്ചത്. കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ മകന്‍ തെറ്റുകാരനാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ എന്നാണ് കോടിയേരി ധാര്‍മികരോഷം കൊണ്ടത്. തന്റെ മകന്‍ അതിനും മാത്രമുള്ള കുറ്റമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇതിനര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ മക്കള്‍ പടുത്തുയര്‍ത്തിയ അധോലോകത്തിന് സമാനമായ സാമ്രാജ്യത്തിന്റെ അധിപതിയായി അച്ഛന്‍ മാറുന്ന കാഴ്ചയാണിത്. നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രമുള്ളവര്‍ക്കായി സ്വര്‍ഗം പണിയുമെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയിലാണ് ഇത്തരം കുബേര ജന്മങ്ങള്‍ തിമര്‍ക്കുന്നത്. കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവുമൊക്കെ പാര്‍ട്ടി പരിപാടികളായി സ്ഥാനം പിടിക്കുമ്പോള്‍ ഇത് തെറ്റാണെന്ന് പറയാന്‍ പിണറായിയുടെ പാര്‍ട്ടിയില്‍ ഒരാള്‍പോലും അവശേഷിക്കുന്നില്ല. ഇങ്ങനെയൊരു പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ എന്തൊക്കെയാണ് സംഭവിച്ചു കൂടാത്തത്? കള്ളന്മാരും കൊള്ളക്കാരും പരസ്പരം ഒത്തുതീര്‍പ്പിലെത്തി തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതുപോലെ സിപിഎമ്മിലെ പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകള്‍ വിഹരിക്കുകയാണ്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ ആളുടെ മകനാണ് കള്ളപ്പണക്കേസില്‍ പ്രതിയായിരിക്കുന്നത്. ഉടന്‍ വന്നു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം-പാര്‍ട്ടിക്ക് ബന്ധമില്ല. മകന്റെ തെറ്റ് അച്ഛനില്‍ കെട്ടിവയ്‌ക്കാന്‍ സമ്മതിക്കില്ലത്രേ. ശിവശങ്കറിന്റെ ദുര്‍ഗന്ധം മുഖ്യമന്ത്രിയില്‍ എറിഞ്ഞുപിടിപ്പിക്കേണ്ടെന്ന് വാദിക്കുന്നതുപോലെയാണിതും. മറ്റു പാര്‍ട്ടികളില്‍പ്പെട്ട ആര്‍ക്കെങ്കിലും തെറ്റു സംഭവിച്ചാല്‍ അവരുടെ വീട്ടുകാര്‍ മാത്രമല്ല ഗര്‍ഭസ്ഥശിശുവിനെപ്പോലും കുറ്റക്കാരാക്കുന്ന സിപിഎമ്മാണ് കോടിയേരിയേയും മക്കളെയും ന്യായീകരിക്കുന്നത്. ബിനീഷ് പാര്‍ട്ടിക്കാരനല്ലെന്ന പച്ചനുണയും പ്രചരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി നേതാവായ കോടിയേരിയാണ് മക്കളുടെ കരുത്ത്. യാതൊരു ജോലിയുമില്ലാത്ത ഇവര്‍ അച്ഛന്റെ രാഷ്‌ട്രീയ പിന്‍ബലത്തിലാണ് കോടീശ്വരന്മാരായി മാറിയിട്ടുള്ളത്. സാമ്പത്തിക തട്ടിപ്പില്‍പ്പെട്ട മക്കളെ രക്ഷിക്കാന്‍ പണച്ചാക്കുകള്‍ പിന്നാലെ നടക്കുന്നത് കോടിയേരി എന്ന അച്ഛനുള്ളതുകൊണ്ടാണ്. തന്റെ മക്കളുടെ ‘ബിസിനസ്സ്’ എന്തെല്ലാമാണെന്ന് കോടിയേരിക്ക് നന്നായറിയാം. എന്നിട്ടാണ് അച്ഛനല്ല, മക്കളാണ് കുറ്റക്കാരെന്ന് പാര്‍ട്ടി യജമാനന്മാര്‍ വിളംബരം ചെയ്യുന്നത്. ഇത് ഒരു പാര്‍ട്ടിയുടെ ഗതികേടാണ്. അധഃപതനത്തിന്റെ നെല്ലിപ്പടിയാണ്. ഈ പാര്‍ട്ടിയില്‍ ആര്‍ക്കെതിരെയും ഒരു നടപടിയും സാധ്യമല്ല. എല്ലാവരും പങ്കുകച്ചവടക്കാരാണ്. അന്നം മുട്ടാതിരിക്കണമെങ്കില്‍ അന്യോന്യം കണ്ണടച്ചേ മതിയാവൂ. രാഷ്‌ട്രീയ സദാചാരം എന്നൊന്നില്ലാത്തവര്‍ക്ക് അതിന് പ്രയാസമുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: