ശ്രീകണ്ഠപുരം: അധികൃതരുടെ അവഗണനയില്‍ കാടുമൂടിക്കിടക്കുന്ന മൈതാനം ശാപമോക്ഷം കാത്ത് കഴിയുന്നു. ശ്രീകണ്ഠപുരം നഗരസഭയുടെ അധീനതയിലുള്ള കോട്ടൂരിലുള്ള മൈതാനമാണ് വികസനത്തിനായി അധികൃതരുടെ കനിവും കാത്ത് കഴിയുന്നത്. നിരവധി കായിക പ്രതിഭകളെ സൃഷ്ടിച്ച മലയോര മേഖലകളില്‍ ആധുനിക സൗകര്യങ്ങളുള്ള മൈതാനങ്ങളില്ലാത്തത് കായിക മേഖലയിലെ കുതിച്ചുചാട്ടത്തിന് തടസ്സമായി മാറിയിട്ടുണ്ട്.
മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ ഒട്ടേറ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതെല്ലാം ജലരേഖയായി മാറാറാണ് പതിവ്. കോട്ടൂര്‍-മലപ്പട്ടം റോഡരികില്‍ സ്ഥിതിചെയ്യുന്ന ഈ മൈതാനിക്ക് ഏറെ വീതിയും നീളവുമുള്ളതിനാല്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ കഴിയും. അധികൃതരുടെ അവഗണന മൂലം കാടുകയറിക്കിടക്കുകയാണ് ഈ സ്ഥലം. ചുറ്റും മതില്‍കെട്ടി സംരക്ഷിക്കാന്‍ പോലും നഗരസഭാ ആധികൃതര്‍ തയ്യാറായിട്ടില്ല.
ഈ മേഖലയിലെ കായികതാരങ്ങള്‍ ചന്ദനക്കാംപാറയിലെ സ്കൂള്‍ സ്റ്റേഡിയവും ധര്‍മ്മശാലയിലെ മൈതാനവുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഇതിനായി 20-25 കിലോമീറ്റര്‍ യാത്രചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍. സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് ആധുനിക രീതിയില്‍ സ്റ്റേഡിയം നിര്‍മ്മിച്ചാല്‍ ജില്ലയിലെ മികച്ച മൈതാനങ്ങളിലൊന്നായി ഇതിനെ മാറ്റാം. ശ്രീകണ്ഠപുരം-മലപ്പട്ടം-കണ്ണൂര്‍ റോഡരികിലായതിനാല്‍ യാത്രാ പ്രശ്നങ്ങളുമില്ല. നഗരസഭാ അധികൃതര്‍ മുന്‍കൈയ്യെടുത്ത് സര്‍ക്കാരിനെക്കൊണ്ട് സ്റ്റേഡിയം നിര്‍മ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: