തൊടുപുഴ: കൊറോണ പ്രതിസന്ധി മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനുള്ള നീക്കവുമായി വൈദ്യുതി ബോര്‍ഡ്. അസി. എഞ്ചിനീയര്‍ ഉള്‍പ്പടെയുള്ളവര്‍ രോഗ ബാധിതരാവുകയും മറ്റ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലയത്തിന്റെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനാണ് അധികൃതര്‍ ബദല്‍ നീക്കവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ജന്മഭൂമി ഇന്നലെ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നടപടിയുമായി രംഗത്തെത്തിയത്.
പ്രതിസന്ധി മറികടക്കാന്‍ മൂലമറ്റത്തു നിന്നു ട്രാന്‍സ്ഫര്‍ ആയിപ്പോയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരെ ഉള്‍പ്പെടുത്തി പാരലല്‍ ഉദ്യോഗസ്ഥ സംഘത്തെ റെഡിയാക്കിയതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന എല്ലാവരും മാറി നില്‍ക്കേണ്ട സാഹചര്യമുണ്ടായാലും നിലയത്തിന്റെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനാണ് ബദല്‍ ക്രമീകരണം. പ്രതിസന്ധി മുന്നില്‍ക്കണ്ട് മൂലമറ്റം നിലയത്തില്‍ നിന്നു മറ്റു വകുപ്പുകളിലേക്ക് പോയവരെ താത്ക്കാലികമായി തിരിച്ചുവിളിക്കാനും ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഇടുക്കിയിലേക്ക് വരാന്‍ ഒട്ടുമിക്ക ഉദ്യോഗസ്ഥരും മടി കാണിക്കുന്നുവെന്നാണ് വിവരം. ജനറേറ്റര്‍ അറ്റകുറ്റപ്പണി അടക്കമുള്ള സാങ്കേതിക ജോലികള്‍ ഇതോടെ തടസപ്പെടുന്ന അവസ്ഥയിലാണ്.
കൊറോണയുടെ വിഷയം ഉണ്ടായതിനാല്‍ പുറത്തുനിന്ന് കരാറുകാരെ എത്തിക്കാന്‍ സാധിക്കില്ല. കൊറോണയുടെ പ്രശ്നം മാറുന്നതുവരെ ഭൂഗര്‍ഭ നിലയത്തിലേക്ക് പ്രവേശനം നല്കുമ്പോള് കൃത്യമായ ജാഗ്രത പുലര്‍ത്തണം എന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: