കോഴിക്കോട്: ആചാരപരവും പരമ്പരാഗതവുമായ രീതിയിലുള്ള ശവസംസ്കാരം മാവൂര്‍ റോഡ് ചാളത്തറ ഹിന്ദു ശ്മശാനത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ കോര്പ്പറേഷന് ശ്മശാനഭൂമി ഉടന്‍ തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു.
രാരുമഠത്തില്‍ കണാരുക്കുട്ടി എന്ന മനുഷ്യസ്നേഹി ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന് പരമ്പരാഗത ശ്മശാന ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ച ഭൂമിയാണിത്. ഈ ഭൂമിയില്‍ കോര്‍പ്പറേഷന്റെ ഒത്താശയോടെ നിരവധി കയ്യേറ്റങ്ങളാണ് നടന്നത്. കുത്തകമുതലാളിമാരുടെയും ഭൂമാഫിയകളുടെയും കയ്യേറ്റം കോര്പ്പറേഷന് അധികൃതരുടെ മൗനസമ്മതത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കണം. ആവശ്യത്തിന് ഭൂമി ഉണ്ടായിട്ടും പരമ്പരാഗത ശവസംസ്ക്കാരരീതി നിലനിര്‍ത്താത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എ. പ്രദീപ്കുമാര്‍ എംഎല്‍എയും ആചാരധ്വംസനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,
നിരാഹാര സമരത്തിന് നേതൃത്വം നല്കിയ കരിമ്പാലന്‍ സമുദായ ക്ഷേമസമിതി പ്രസിഡണ്ട് ടി.എന്‍. ഗോപാലന്, കേരള വണിക വൈശ്യ സംഘം ജില്ലാ സെക്രട്ടറി എം.പി. ഉണ്ണികൃഷ്ണന്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിമാരായ പി.കെ. പ്രേമാനന്ദന്, സി.കെ. ഗണേഷ് ബാബു, ഹിന്ദുഐക്യവേദി കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് സുദേവന് മാളിക എന്നിവരെ ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം ഹാരാര്‍പ്പണം നടത്തി. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് ദാമോദരന്‍ കുന്നത്ത് അദ്ധ്യക്ഷനായി.
സമരത്തിന് പിന്തുണയുമായി എത്തിയ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ സഹോദരി തോട്ടത്തില്‍ ബാലാമണിയെ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കരിമ്പാലന്‍ സമുദായ ക്ഷേമസമിതി സംസ്ഥാന സമിതി അംഗം ഇ. നാരായണന്, കേരള വണിക വൈശ്യ സംഘം ജില്ലാ പ്രസിഡണ്ട് കെ. ബാബുരാജ്, എം.കെ വേലായുധന്, എം. രഘുവീര്‍ ബിലാത്തികുളം, ബിജെപി ജില്ലാ ട്രഷറര്‍ വി.കെ. ജയന്, ബിജെപി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എ.കെ. സുനില്‍ കുമാര്‍, മഹിളാഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ സി.എസ്. സത്യഭാമ എന്നിവര്‍ സംസാരിച്ചു.
സമാപനസഭ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തഘോഷ് സംയോജക് പി. ഹരീഷ് കുമാര്‍ സമാപനപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന്, ജനറല്‍ സെക്രട്ടറി എം. മോഹനന്, വിനോദ് കരുവിശ്ശേരി, സി.കെ. ഗണേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
നിരാഹാര സമരത്തിന്റെ നാലാം ദിവസമായ ഇന്ന് ആദ്ധ്യാത്മിക പ്രഭാഷകനും ഗവ. ആര്‍ട്സ് കോളജ് മുന്‍ പ്രിന്‍സിപ്പാളുമായ ഡോ. കെ.എം. പ്രിയദര്ശന്ലാല് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: