മുക്കം: കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത് ഏഴു മാസം കഴിഞ്ഞിട്ടും നല്‍കാമെന്ന് പറഞ്ഞ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ഇനിയും ലഭിച്ചില്ല. മാര്‍ച്ച് ആദ്യമായിരുന്നു വെസ്റ്റ് കൊടിയത്തൂരിലേയും വേങ്ങേരിയിലേയും കോഴിഫാമുകളില്‍ പക്ഷിപ്പനി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഫാമുകളിലേയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലേയും ആയിരക്കണക്കിന് വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുകയും ചെയ്തു.
വാണിജ്യാടിസ്ഥാനത്തില്‍ വളര്ത്തുന്നവയേയും വന്‍വില വരുന്ന അലങ്കാരപക്ഷികളേയും ഇങ്ങനെ കൊന്നൊടുക്കിയിരുന്നു. ലക്ഷങ്ങളാണ് ഇത്തരത്തില്‍ പലര്‍ക്കും നഷ്ടമായത്. എന്നാല്‍ നശിപ്പിക്കപ്പെട്ട പക്ഷികളുടെ ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് അന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പാണ് ഏഴ് മാസം കഴിഞ്ഞിട്ടും പാലിക്കാത്തത്.
ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു മന്ത്രിയുടെ അന്നത്തെ വാഗ്ദാനം. പഞ്ചായത്ത് – മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നഷ്ടപരിഹാരം സംബന്ധിച്ച് അപേക്ഷകള്‍ വാങ്ങിവെച്ചതല്ലാതെ തുടര്‍നടപടികളൊന്നും ചെയ്തില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കോവിഡ് സാഹചര്യത്തില്‍ വന്‍പ്രതിസന്ധി നേരിടുന്നതിനിടെ ഇനിയും നഷ്ടപരിഹാരം ലഭിക്കാത്തത് കടുത്ത പ്രയാസമാണ് ഉണ്ടാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: