ജിദ്ദ: സൗദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന് നേരെ ആക്രമണം. ജിദ്ദയില്‍ പ്രവൃത്തിക്കുന്ന കോണ്‍സുലേറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതു തടുക്കുന്നതിനിടെ സ്പെഷ്യല്‍ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാര്‍ഡിന് ഗുരുതര പരുക്കേറ്റു. കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ച് കയറുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഗാര്‍ഡിനെ അക്രമി കുത്തി പരിക്കേല്പിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.
ഏകദേശം നാല്പത് വയസ്സിനു മുകളില്‍ പ്രായമുള്ള സൗദി പൗരനാണ് സെക്യൂരിറ്റി ഗാര്‍ഡിനെ കുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മക്ക പ്രവിശ്യ പോലീസ് വാക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു.
പ്രവാചകനെതിരായ കാര്‍ട്ടൂണിനെതിരെ അറബ് മേഖലയില്‍ ഫ്രാന്‍സ് ഉത്പന്നങ്ങളുടെ ബഹിഷ്കരണവും പ്രതിഷേധവും ശക്തമായിരുന്നു. ഇതിന്റെ ഭാഗമായി മതതീവ്രവാദികള്‍ നടത്തിയ ആക്രമണമായാണ് ഇതിനെ കാണുന്നത്.
അവഹേളന കാര്‍ട്ടൂണിനെ അനുകൂലിച്ച് ഫ്രഞ്ച് പ്രസിഡണ്ട് രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയാ കാമ്പയിനും ശക്തമായിട്ടുണ്ട്. ആക്രമണത്തെ ഫ്രാന്‍സ് അപലപിച്ചതോടൊപ്പം സൗദി അറേബ്യയെ വിശ്വാസമുണ്ടെന്നും ഇരക്കനുകുലമായി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഫ്രഞ്ച് എംബസി ട്വീറ്റ് ചെയ്തു.
കത്തി കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ ഗാര്‍ഡിനെ ആശുപത്രിയിലെത്തിച്ചതായും ജീവന് അപകടത്തിലല്ലെന്നും ഫ്രഞ്ച് എംബസി അറിയിച്ചു. നയതന്ത്ര ഔട്ട്പോസ്റ്റിനെതിരായ ആക്രമണത്തെ ഫ്രഞ്ച് എംബസി ശക്തമായി അപലപിക്കുന്നതായും ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, കോണ്‍സുലേറ്റ് സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചതില്‍ അപലപിച്ച് യുഎഇ രംഗത്തെത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ യുഎഇ പൂര്‍ണമായും നിരാകരിക്കുന്നെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും ദൃഢതയെയും അസ്ഥിരമാക്കാന്‍ ലക്ഷ്യമിട്ടുള്ളതും, മതപരവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിപരീതവുമായ എല്ലാവിധ ആക്രമണങ്ങളെയും എക്കാലവും നിരാകരിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: