കഴിച്ച ആഹാരം ദഹിക്കായ്ക കൊണ്ടോ ആഹാരത്തില്‍ വിഷമുള്ളതുകൊണ്ടോ ഹൃദയഭാഗത്തും തലച്ചോറിനും ക്ഷമേല്‍ക്കല്‍ക്കയാലോ, മനം മടുപ്പിക്കുന്ന ഗന്ധം അനുഭവിക്കയാലോ ഇഷ്ടമില്ലാത്തവ കാണ്‍കയാലോ, കഠിനമായ രക്തസമ്മര്‍ദത്താലോ രക്തസമ്മര്‍ദം കുറഞ്ഞാലോ ഛര്‍ദി (വമനം) യുണ്ടാകുന്നു.
ഇതില്‍ തലച്ചോറിന് ക്ഷതമേറ്റുണ്ടാകുന്ന ഛര്‍ദി, അതിമാരകമായ ക്ഷതമേറ്റു എന്ന് ഉറപ്പാക്കാവുന്നതാണ്. ഇത്തരം ക്ഷതങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ പ്രയാസമാണ്. ദഹനക്കുറവു കൊണ്ടുണ്ടാകുന്ന ഛര്‍ദിക്ക് വില്വാദി ഗുളിക ഇഞ്ചിനീരില്‍ അരച്ച് മൂന്നുമണിക്കൂര്‍ ഇടവിട്ട് കുടിക്കുക.
ശിശുക്കള്‍ക്ക് ഉണ്ടാകുന്ന ഛര്‍ദി മിക്കവാറും മുലപ്പാല്‍ ദുഷിച്ചതുകൊണ്ടാകാം. ആ ഛര്‍ദിക്ക് രൂക്ഷമായ പുളിച്ച മണമുണ്ടാകും. ഈ അവസ്ഥയില്‍ കുട്ടിയുടെ അമ്മയ്‌ക്കാണ് മരുന്നു കൊടുക്കേണ്ടത്. അയമോദകം, തിപ്പലി, കായം, ഇന്തുപ്പ് ഇവ സമം പൊടിച്ച പൊടി, ഓരോ സ്പൂണ്‍ വീതം ചൂടുവെള്ളത്തില്‍ മൂന്നു മണിക്കൂര്‍ ഇടവിട്ട് കഴിച്ചുകൊണ്ടിരിക്കുക.
ഛര്‍ദിക്ക് മുന്‍കാലങ്ങളില്‍ നടത്തിവന്നിരുന്ന ചില സവിശേഷ ചികിത്സകളുണ്ട്. ഛര്‍ദിവരുമ്പോള്‍ ശതാവരിക്കിഴങ്ങിന്റെ അകത്തെ നൂലെടുത്ത് ചേരപ്പാമ്പിനെ തോളത്തിടുന്നു എന്നു സങ്കല്‍പിച്ച് കഴുത്തിലിടുക. ക്ഷണത്തില്‍ ഛര്‍ദി നില്‍ക്കുമത്രേ. കുട്ടികള്‍ ക്രമാതീതമായി ഛര്‍ദിച്ചാല്‍ 21കുഴിയാനകളെ എടുത്ത് തുണിയില്‍ തെറുത്ത് അത് കഴുത്തില്‍ മാലയായി കെട്ടുന്ന പതിവുമുണ്ടായിരുന്നു.
ഭക്ഷ്യവിഷബാധയാലോ, ദഹനക്കുറവിനാലോ, തുടരെത്തുടരെ ഛര്‍ദി വന്നാല്‍ ഞാവലിന്റെ തളിരില, മാവിന്റെ തളിരില, നല്ലജീരകം പെരിഞ്ചീരകം, കരിഞ്ചീരകം, മുത്തങ്ങാക്കിഴങ്ങ്, മലര്‍, രാമച്ചവേര്, ചിറ്റമൃത്, കൂവളവേര് കൊത്തമ്പാലരി, ചുക്ക്, കുരുമുളക്, തിപ്പലി, പഴുത്ത പ്ലാവില ഞെട്ട് ഇവ ഓരോന്നും അഞ്ചു ഗ്രാം വീതം രണ്ട് ലിറ്റര്‍ വെള്ളത്തില്‍ പതിനഞ്ച് മിനുട്ട് തിളപ്പിച്ച് ആറ്റിയെടുക്കുക. അതില്‍ നിന്ന് കുറച്ചെടുത്ത് തേന്‍ ചേര്‍ത്ത് കുടിക്കണം. ഛര്‍ദി ആര്‍വത്തിച്ചെന്നിരിക്കും. മരുന്ന് വീണ്ടും കഴിച്ചുകൊണ്ടിരിക്കണം.ഒരു മണിക്കൂറിനകം ഭേദമാകും. നിര്‍ജലീകരണവും മാറും. ഇത് ഏത് പ്രായക്കാര്‍ക്കും പ്രയോഗിക്കാം.
വി.കെ. ഫ്രാന്‍സിസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: