മലബാറിലെ ഏറ്റവും പഴയകാല സ്വയംസേവകരില്‍ ഒരാളായിരുന്ന കോതാട്ടില്‍ ബാലകൃഷ്ണന്‍ നായര്‍ കഴിഞ്ഞ ദിവസം അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍, അഗ്രഗാമികളില്‍ ഒരാളുടെ വിയോഗം അനുഭവിച്ചുവെന്നുതന്നെ പറയാം. അദ്ദേഹത്തിന് 97-98 വയസ്സു പ്രായമായിരുന്നുവെന്നാണെന്റെ ധാരണ. തലമുതിര്‍ന്ന ആദ്യകാല സ്വയംസേവകരെ പേര്‍ പറഞ്ഞു വിളിച്ചിരുന്നുവെന്നതാണ് ഞാന്‍ അദ്ദേഹത്തില്‍ ദര്‍ശിച്ച സവിശേഷത. കഴിഞ്ഞയാഴ്ച ഒരുനാള്‍ രാവിലെ എണീറ്റ് പത്രം പ്രതീക്ഷിച്ചിരിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ വടക്കാഞ്ചേരിയില്‍ സംഘപ്രചാരകനായിരുന്ന കെ.എസ്. സോമനാഥന്റെ ഫോണ്‍ സന്ദേശം. ഗുരൂവായൂരിലെ പഴയ സ്വയംസേവകന്‍ ബാലന്‍ മരിച്ച വിവരം ആരോ അറിയിച്ചു. ഞാന്‍ ആളെ അറിയുമെന്നു കരുതി എന്നെ വിളിച്ചതാണെന്നായിരുന്നു സന്ദേശം. ഉടന്‍തന്നെ ചാവക്കാട് താലൂക്കിന്റെ പഴയ സ്വയംസേവകന്‍ ഒ.പി. ഗോപാ
ലനെ ബന്ധപ്പെട്ടന്വേഷിച്ചത് ബാലകൃഷ്ണന്‍ നായരെപ്പറ്റി ആയിരുന്നു. രണ്ടുനാള്‍ക്കു മുന്‍പ് താന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും, കാര്യമായ അസുഖമുണ്ടായിരുന്നില്ല എന്നും പറഞ്ഞു. പത്തുമിനിട്ടു കഴിഞ്ഞദ്ദേഹം തിരികെ വിളിച്ചു. വാര്‍ത്ത ശരിയാണെന്നും ഭൗതികദേഹം ബ്രഹ്മകുളത്തു വീട്ടിലെത്തി എന്നും അറിയിച്ചു. ചരമവിവരം ജന്മഭൂമിയിലടക്കം ഒരു പത്രത്തിലും കണ്ടില്ല. ജില്ലാ അടിസ്ഥാനത്തില്‍ മാത്രമേ അമ്മാതിരി വിവരങ്ങള്‍ കാണാറുള്ളൂ.
അരനൂറ്റാണ്ടായി സജീവ പ്രവര്‍ത്തനത്തിലില്ലാത്ത ആളാണ് ബാലകൃഷ്ണന്‍ നായര്‍. 1945 മുതല്‍ ഗുരുവായൂര്‍ ഭാഗത്തെ സജീവ പ്രവര്‍ത്തകനായിരുന്നു. ചാവക്കാടിനു തെക്ക് ഒരുമനയൂര്‍ ദേശത്ത് കോതാട്ടില്‍ എന്നു വീട്ടു പേര്. ആദ്യകാലങ്ങളില്‍ പ്രചാരകനെപ്പോലെ പ്രവര്‍ത്തിച്ചുവന്ന ടി.എന്‍. മാര്‍ത്താണ്ഡ വര്‍മ്മ ഗുരുവായൂര്‍ ചാവക്കാട്ടു ഭാഗങ്ങളില്‍ കണ്ടെത്തിയവരില്‍ ഒരാളായിരുന്നു അദ്ദേഹം. മാര്‍ത്താണ്ഡവര്‍മയെയും ആദ്യകാല സ്വയംസേവകരെയും പേര്‍ പറഞ്ഞുവിളിച്ചിരുന്നത് അക്കാലത്തു സംഘം കൊണ്ടുവന്ന ഒരു ആചാരപ്രകാരമായിരുന്നു. തന്നെക്കാള്‍ പ്രായമുള്ളവരെ ഏട്ടന്‍ എന്നും, അല്ലാത്തവരെ പേരും വിളിക്കുക എന്ന രീതി നിലവില്‍ വന്നു. രാജകുടുംബാംഗമായിരുന്നതിനാല്‍ മാര്‍ത്താണ്ഡേട്ടനെ ‘തമ്പുരാന്‍’ എന്നു സംബോധന ചെയ്യുന്നതിനെ അദ്ദേഹം വിലക്കുകയായിരുന്നു.
ബാലകൃഷ്ണന്‍ നായരെ ബാലേട്ടന്‍ എന്നാണ് എല്ലാവരും വിളിച്ചത്. മലബാറിലെ ആചാരപ്രകാരം എത്ര വലിയ ആളായാലും നേരിട്ടു പേര്‍ വിളിക്കുന്നതില്‍ ബഹുമാനക്കുറവില്ല. തിരുവിതാംകൂറിലാണെങ്കില്‍ സാര്‍ കൂട്ടി വേണമല്ലോ സംബോധന ചെയ്യാന്‍.
1948 ലെ സംഘനിരോധനത്തിനെതിരെ നടത്തപ്പെട്ട സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കോഴിക്കോട്ടു പോയിരുന്നു. ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നു. ഗുരുവായൂര്‍, ചാവക്കാട്, വാടാനപ്പള്ളി ഭാഗങ്ങളിലെ സംഘപ്രവര്‍ത്തനത്തിന്റെ ചുമതലകള്‍ ഒരു പ്രചാരകനെപ്പോലെ അദ്ദേഹം നിറവേറ്റി. 1950 ല്‍ സംഘനിരോധനം കഴിഞ്ഞ്, നിരോധത്തിന്റെ ഫലമായി ശാഖാപ്രവര്‍ത്തന വൈഷമ്യങ്ങള്‍ അനവധിയായിരുന്നു. നെഹ്‌റു സര്‍ക്കാരിന്റെ വൈരനിര്യാതന ചിന്തയോടെയുള്ള പ്രവര്‍ത്തനം മൂലം ആയിരക്കണക്കിന് പേര്‍ക്ക് ജീവിത യാപനം പ്രയാസമായതും, ഗാന്ധിഹത്യ ആരോപിക്കപ്പെട്ട സംഘത്തിന്റെ പ്രവര്‍ത്തകരെന്ന വിലാസം പതിഞ്ഞതും സജീവ സ്വയംസേവകരുടെ ജോലി വിഷമകരമാക്കി. രണ്ടുവര്‍ഷത്തിലേറെക്കാലമായി പരിശീലന ശിബിരങ്ങളില്ലായിരുന്നു. 1950 ല്‍ 12 മാസവും നാഗപ്പൂരില്‍ സംഘശിക്ഷാവര്‍ഗുകള്‍ നടത്തപ്പെട്ടു. ശിക്ഷാര്‍ത്ഥികളായി സൗകര്യംപോലെ പോകാമെന്നു വന്നു. ഗുരുവായൂര്‍ ചാവക്കാടു ഭാഗത്തുനിന്നും രണ്ടുപേരാണ് നാഗ്പൂരില്‍ പോയത്. ഒരാള്‍ ബാലകൃഷ്ണന്‍ നായരും, മറ്റേയാള്‍ ബ്ലാങ്ങാട് കടപ്പുറത്തെ വി.വി. വേലുവുമായിരുന്നു. അവര്‍ രണ്ടുപേരും ചേര്‍ന്ന് ആ താലൂക്കിലെ പ്രവര്‍ത്തനം അത്യന്തം കരുത്തുറ്റതാക്കി. 1957 ല്‍ വേലുവിന് പക്ഷാഘാതം വന്ന് അവശതയിലായി. ബാലകൃഷ്ണന്‍ നായര്‍ പ്രചാരകനുമായി.
അദ്ദേഹം പൊന്നാനിയിലാണ് പ്രവര്‍ത്തിച്ചത്. പൊന്നാനി ആര്യസമാജത്തിന്റെ ആശ്രമവും സജീവ പ്രവര്‍ത്തനവുമുണ്ടായിരുന്ന സ്ഥലമായിരുന്നു. 1921 ലെ മാപ്പിളലഹളയെ തുടര്‍ന്ന് മതംമാറ്റത്തിന് നിര്‍ബന്ധിതരായവരെ തിരിച്ചു ശുദ്ധികര്‍മം ചെയ്യാനായിട്ടാണ് ആശ്രമം സ്ഥാപിച്ചത്. അതേസമയം മൗനത്തില്‍ ഇസ്ലാംസഭ എന്ന ഇസ്ലാമിക മതംമാറ്റ കേന്ദ്രം, മതശിക്ഷണം നല്‍കാനുള്ള അന്നത്തെ മദ്രാസ് സംസ്ഥാനത്തെ ഏറ്റവും വലിയ സ്ഥാപനമായിരുന്നു. മംഗലാപുരം മുതല്‍ രാമേശ്വരം വരെ മദിരാശി സംസ്ഥാനമെങ്ങുനിന്നുമുള്ള പരിവര്‍ത്തിതര്‍ക്ക് മതബോധനം നടത്തുന്ന കേന്ദ്രം ആ സഭയായിരുന്നു. മഹാത്മാഗാന്ധിജിയുടെ മൂത്തമകന്‍ ഹരിലാല്‍ മതംമാറിയശേഷം പഠനത്തിന് കുറേനാള്‍ മൗനത്തുല്‍ ഇസ്ലാം സഭയിലുണ്ടായിരുന്നത്രേ. രാത്രിവണ്ടിയില്‍ കുറ്റിപ്പുറം സ്‌റ്റേഷനില്‍ എത്തിച്ച് പൊന്നാനിക്കു കൊണ്ടുവരാന്‍ മംഗലാപുരം മുതലുള്ള എല്ലാ പ്രധാന സ്ഥലങ്ങളിലും ആളുകളുണ്ടായിരുന്നു. അവരും വിവരങ്ങള്‍ അറിഞ്ഞ് പലപ്പോഴും ഒപ്പം വരാനും പൊന്നാനി ആര്യസമാജത്തില്‍ എത്തി. അവിടെനിന്ന് സംഘപ്രവര്‍ത്തകരുമൊത്ത് പോലീസ് സഹായത്തോടെ മൗനത്തുല്‍ ഇസ്ലാം സഭയില്‍ ചെന്ന് അവരെ കണ്ടു സംസാരിച്ചു വീണ്ടെടുക്കാന്‍ ശ്രമം നടത്തിയിരുന്ന വിവരം ബാലകൃഷ്ണന്‍ നായര്‍ പറയുമായിരുന്നു. മലബാര്‍ പ്രചാരക് ശങ്കര്‍ ശാസ്ത്രിജിയും, വി. ശ്രീകൃഷ്ണശര്‍മ്മ, തലശ്ശേരിയിലെ ടി.കെ. കരുണാകരന്‍ മുതലായവര്‍ ആ പ്രവര്‍ത്തനത്തിന്റെ അണിയറപ്രവര്‍ത്തകരായിരുന്നു.
1958 ല്‍ ബാലകൃഷ്ണന്‍ നായര്‍ തിരിച്ചുവന്ന് കുടുംബഭരണം ഏറ്റെടുത്ത് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ പലചരക്ക് വ്യാപാരം ആരംഭിച്ചു. പിന്നീട് ഗുരുവായൂരില്‍ എത്തുന്ന സംഘപ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാനുള്ള ഒരു പ്രമുഖ സ്ഥാനമതായി. ഉണ്ണികൃഷ്ണാ പിക്ചര്‍ നടത്തിവന്ന മറ്റൊരു ബാലകൃഷ്ണന്‍നായരും പടിഞ്ഞാറെ നടയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്‌നി രാധാബാലകൃഷ്ണനും മകള്‍ അഡ്വ. നിവേദിതയുമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം തന്റെ പത്‌നീഗൃഹത്തിലേക്കു താമസംമാറ്റി. മകള്‍ അവിടെയാണ് താമസം. ഇടയ്‌ക്ക് ചില എഴുത്തുകള്‍ അയയ്‌ക്കുമായിരുന്നു. 2016 ല്‍ തെരഞ്ഞെടുപ്പിനു മുമ്പ് തൃശ്ശിവപേരൂരില്‍ ഞാന്‍ ബിജെപിയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. കുടുംബസഹിതമായിരുന്നു യാത്ര. ബാലകൃഷ്ണന്‍ നായരെ ഇടയ്‌ക്കിടെ സന്ദര്‍ശിക്കാറുള്ള മുന്‍
പ്രചാരകനും,യോഗവിദ്യാപാരംഗതനുമായ അനന്തന്‍ പറപ്പൂരിനടുത്തുള്ള വീട്ടിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന് അതീവസന്തോഷമായി. വിശേഷിച്ചും കുടുംബാംഗങ്ങളെകൂടി കണ്ടപ്പോള്‍. ശരിക്കും തന്റെ സംഘജീവിതം ഒന്നുകൂടി വിവരിക്കാന്‍ അല്‍പം വാക്കുകളെക്കൊണ്ടാണെങ്കിലും അദ്ദേഹം സന്നദ്ധനായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 1949 ലെ മാസങ്ങള്‍, അക്കാലം മുഴുവന്‍ ഒ.ടി.സി പോലെ കഴിഞ്ഞ അന്തരീക്ഷം, അവിടത്തെ വ്യക്തികള്‍ എല്ലാം പുനര്‍ജീവിച്ചു. അപ്പോഴാണ് ഭരതേട്ടനും താനുമെല്ലാം സമപ്രായക്കാരാണെന്നു പറഞ്ഞത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ അവസാനംവരെ ശതായുസ്സ് തികയ്‌ക്കാറാകുന്നതുവരെ ജീവിച്ച ബാലകൃഷ്ണന്‍നായരെ അനുസ്മരിക്കുകയും മുമ്പേ കടന്നുപോയവര്‍ക്കൊപ്പം ഓര്‍മയില്‍ സൂക്ഷിക്കുകയും ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക