പാരിപ്പള്ളി: കോവിഡ് ബാധിച്ച് ഭേദമായ പോലീസ് സേനാംഗങ്ങള്‍ കോവിഡ് ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്തു. കേരള പോലീസ് അസോസിയേഷന് കൊല്ലം സിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോവിഡ് രോഗികള്‍ക്കു ആശ്വാസമാകുന്ന പ്ലാസ്മ തെറാപ്പിക്കുള്ള പ്ലാസ്മ നല്‍കിയത്. പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് കാലത്ത് രാപകലില്ലാതെ സേവനസന്നദ്ധരായി ഡ്യൂട്ടി ചെയ്യുന്ന പോലീസ് സേനാംഗങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാനവസ്നേഹത്തിന് ഉദാത്തമാതൃകയാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത ജി.എസ്. ജയലാല്‍ എംഎല്‍എ പറഞ്ഞു.
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പില്‍ കോവിഡ് ഭേദമായ വനിത പോലീസുകാര്‍ ഉള്‍പ്പടെ ഇരുപതോളംപേര്‍ പ്ലാസ്മ നല്കി. പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കൊല്ലം സബ് കളക്ടര്‍ ശിഖാ സുരേന്ദ്രനും ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ. അഭിലാഷും പ്ലാസ്മ നല്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പോലീസ് സേനാംഗങ്ങള്‍ പ്ലാസ്മ നല്‍കും.
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവന് രക്ഷിക്കാന്‍ ഉപകാരപ്പെടുന്ന പ്ലാസ്മ ഡൊണേഷന്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി പോലീസ് അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിനോദാസ് പറഞ്ഞു. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ. അഭിലാഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്‍. റോയി, മെഡിക്കല്‍ സൂപ്രണ്ട് ഹബീബ് നാസിം, ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഷൈനുതോമസ്, പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ രൂപേഷ് രാജ്, പിആര്‍ഒ അരുണ്കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
അസോസിയേഷന് ജില്ലാ സെക്രട്ടറി ജിജു സി. നായര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ എസ്. ഷഹീര്‍ നന്ദിയും പറഞ്ഞു. ക്യാമ്പിന് സി. വിമല്‍കുമാര്‍, ജെ.എസ്. നെരൂദ, പി. റിയാസ്, മനോജ്കുമാര്‍, സതീഷ് ചന്ദ്രന്, എസ്. ബിനൂപ് കുമാര്‍, സജാത് എം. താഹ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: