ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യലിനായി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചു. ബെംഗളൂരു ഓഫീസിലെത്തിയ ബിനീഷിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. കേസിലെ മറ്റുപ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബിനീഷിനെ സംബന്ധിച്ച് ഇത് നിര്‍ണായകമാണ്.
ഇത് രണ്ടാം തവണയാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് സുഹൃത്തും കേസിലെ മുഖ്യപ്രതിയുമായ അനൂപ് എന്‍ഫോഴ്‌സമെന്റിന് മൊഴി നല്‍കിയിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.
11 മണിയോടെയാണ് ഇ ഡി സോണല്‍ ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരാക്കിയത്. ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യല്‍.
ബിസിനസ് ആവശ്യങ്ങള്‍ക്കായി വിവിധ വ്യക്തികളില്‍ നിന്നു 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. ഇങ്ങനെ പണം നല്‍കിയവരില്‍ നിരവധി മലയാളികളുമുണ്ട്. ഇതില്‍ ബിനാമി ഇടപാടുകള്‍ ഉണ്ടോയെന്നും അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്.
മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി സമാഹരിച്ച പണം വകമാറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: