ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഭൂഗര്‍ഭ നിലയത്തെ ആശങ്കയുടെ മുള്‍മുനയിലാക്കി കൊറോണ വൈറസ് വ്യാപനം. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം നിലയത്തില്‍ ഇന്നലെ ഒരു അസി. എഞ്ചിനീയര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ഇതോടെ അന്പതിലതികം പേരാണ് നിരീക്ഷണത്തില്‍ പോകേണ്ടി വന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്ത് മുഖാവരണം ധരിച്ചുള്ള ജോലി ഏറെ വെല്ലുവിളി ഉയര്‍ത്തുകയാണ്.
കഴിഞ്ഞ ദിവസം നാലാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായതോടെ നിലയത്തിലെ ഉല്‍പ്പാദനം കുറയ്ക്കേണ്ടി വന്നിരുന്നു. പിന്നാലെ വാര്‍ഷിക അറ്റകുറ്റപ്പണിയിലുള്ള മൂന്നാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചൊവ്വാഴ്ച ഈ ഉദ്യോഗസ്ഥന് മുന്‍പന്തിയിലുണ്ടായിരുന്നു. 70 ഓളം പേരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന്റെ ഫലമായാണ് ജനറേറ്റര്‍ രാത്രി വൈകി പ്രവര്‍ത്തനക്ഷമമാക്കിയത്.
നാടുകാണി മലതുരന്ന് അഞ്ചുനില കെട്ടിടത്തിന്റെ ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്നതാണ് നിലയം. ഇവിടേക്കെത്താന്‍ മല തുരന്നു തന്നെ നിര്‍മ്മിച്ച 700 മീറ്ററോളമുള്ള പാതയാണ് ഏക മാര്‍ഗം.നിലയത്തിനുള്ളില്‍ ശ്വസിക്കാന്‍ യന്ത്ര സംവിധാനമാണ് ഉപയോഗിക്കുന്നത്. ചൂട് കൂടുതലുള്ളതിനാല്‍ എസി പ്രവര്ത്തിപ്പിക്കാതിരിക്കാനാവില്ല.
സാധാരണയായി 15 പേരാണ് ഒരേസമയം ജോലിയിലുണ്ടാവുക. വലിയ നിലയമായതിനാല്‍ കൂടുതല്‍പ്പേര്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഓരോ ജനറേറ്ററിന്റെയും സ്ഥലത്തേക്ക് എത്തേണ്ടി വരും. ഇതാണ് രോഗ വ്യാപനത്തിനിടയാക്കുന്നത്. മുമ്പും ജോലിക്കെത്തിയ ജീവനക്കാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. നിലയവുമായി ബന്ധപ്പട്ട് നിരവധിപ്പേരാണ് അടുത്തിടെ ക്വാറന്റൈനിലായത്.
മുകളില്‍ നിന്ന് കടുത്ത സമ്മര്‍ദം
ജലനിരപ്പ് ഉയര്‍ന്നതിന്റെ ഭാഗമായി ഈ മാസം പാതിയോടെ ഇടുക്കിയിലെ ഉത്പാദനം നാലില്‍ നിന്ന് പത്തു മില്യണ്‍ യൂണിറ്റ് വരെയായി കൂട്ടിയിരുന്നു. നിലവില്‍ 90% ആണ് ജലശേഖരം. തുലാമഴ കൂടി ശക്തമായാല്‍ വൈകാതെ ഡാം തുറക്കേണ്ടി വരും.
കഴിഞ്ഞവര്‍ഷം അവസാനത്തോടെ ആരംഭിച്ച ജനറേറ്റര്‍ തകരാര്‍ ഒന്നിന് പിന്നാലെ ഒന്നായി ഇപ്പോഴും പദ്ധതിയെ അലട്ടുകയാണ്. ഇതോടെ രോഗം ബാധിക്കാതെ അറ്റകുറ്റപ്പണി നടത്തുകയെന്നതാണ് ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളി. മുതിര്‍ന്ന പല ഉദ്യോഗസ്ഥര്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലായതോടെ ജോലിക്കെത്താനാവുന്നില്ല
എന്നാല്‍ ജലനിരപ്പ് ഉയര്‍ന്ന് നില്ക്കുന്നതിനാല് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളത്തിന്റെ അളവ് കുറയ്ക്കാതിരിക്കാനുമാകില്ല. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുമുണ്ട്. അറ്റകുറ്റപ്പണികള്‍ ഇഴയുമ്പോഴും തകരാറില്ലാതെ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുകയെന്നതാണ് ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളി.
കൂടുതല്‍ പരിശോധന വേണം
സാങ്കേതിക വിദഗ്ധരടക്കം അറ്റകുറ്റപ്പണിയില്‍ പ്രാവീണ്യമുള്ള ഭൂരിഭാഗംപേരും നിലവില്‍ ക്വാറന്റൈനിലോ കൊറോണ ബാധിതനോ ആണ്. 15 ഓളം പേര്‍ക്കാണ് രോഗം വന്നത്. അവശേഷിക്കുന്നവര്‍ ഓവര്‍ ടൈം ജോലി തുടരുകയാണ്. പൂജാ അവധി പോലുമെടുക്കാതെ ജനറേറ്റര്‍ അറ്റകുറ്റപ്പണി നടത്തിയവരുമുണ്ട്. ഈ ആത്മാര്‍ത്ഥത കൊണ്ടു മാത്രമാണ് ചൊവ്വാഴ്ച നാല് ജനറേറ്ററെങ്കിലും പ്രവര്‍ത്തിപ്പിക്കാനായത്. അതേസമയം നിലയത്തിലേക്ക് എത്തുന്നവരെ പരിശോധിക്കണമെന്നും സമ്പര്‍ക്കമുണ്ടായവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ്.
ഇരുന്നൂറോളം ജീവനക്കാര്‍
നിലയത്തിലാകെ ഇരുന്നൂറോളം ജീവനക്കാരാണുള്ളത്. ഇതില്‍ സാധാരണ ദിവസങ്ങളില്‍ ആറു മണിക്കൂര്‍ വീതമുള്ള നാല് ഷിഫ്റ്റായി 12-15 പേര് വരെയാണ് ജോലി നോക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന സമയങ്ങളില്‍ 70-100 പേര് വരെ വേറെയും കാണും. എല്ലാ യന്ത്രങ്ങളും വലുപ്പമുള്ളതും സാങ്കേതികവിദ്യ കൂടുതല്‍ വൈദഗ്ധ്യം വേണ്ടതുമാണ്. മലയ്ക്കുള്ളില്‍ ആയതിനാല്‍ ശ്വാസമെടുക്കാനും ഇവിടെ തടസമുണ്ടാകും. ഇത് കായിക ക്ഷമതയേയും ബാധിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: