ഇടുക്കി: സംസ്ഥാനത്ത് ഇന്നലെ ഉച്ചയോടെ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (തുലാമഴ) എത്തിയതായി കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം (ഐഎംഡി). അഞ്ച് മാസത്തോളം (ഏതാണ്ട് 150 ദിവസം)നീണ്ട തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍(കാലവര്‍ഷം) പിന്‍വാങ്ങിയതിന് പിന്നാലെയാണ് തുലാമഴ ആരംഭിച്ചത്.
കൃത്യ സമയത്ത് തന്നെ എത്തി കാലവര്‍ഷം നീണ്ടുനില്‍ക്കുന്നത് വിരളമാണ്. ഒക്ടോബര്‍ 15-20 വരെയാണ് സാധാരണ തുലാമഴ എത്തുകയെന്നും വൈകിയെത്തുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഐഎംഡി തിരുവനന്തപുരം സെന്റര്‍ ഡയറക്ടര്‍ കെ. സന്തോഷ് ജന്മഭൂമിയോട് പറഞ്ഞു.
2018ല്‍ ഒക്ടോബര്‍ 15നും 2019ലും 17നുമാണ് തുലാമഴ എത്തിയത്, 2009ലാകട്ടെ ഒക്ടോബര്‍ 20നും. കാലവര്‍ഷത്തില്‍ മഴ മേഘങ്ങള്‍ എത്തുന്നതിന്റെ എതിര്‍ദിശയില്‍ നിന്നാണ് തുലാമഴയില്‍ എത്തുക. ഇതിനാല്‍ തെക്കന്‍ കേരളത്തിലാകും മഴ കൂടുക.
ഐഎംഡിയുടെ കണക്ക് പ്രകാരം ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് കാലവര്‍ഷം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ തുലാവര്‍ഷമാണ്. രാജ്യത്ത് ആദ്യം കാലവര്‍ഷം എത്തുന്നതും അവസാനം പിന്‍വാങ്ങുന്നതും കേരളത്തില്‍ നിന്നാണ്.
ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം ഇത്തവണ കേരളത്തിലെത്തിയത്. വളരെ വേഗത്തില്‍ തന്നെ നിസര്‍ഗ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം രാജ്യമെമ്പാടും മഴ വ്യാപിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞെങ്കിലും(ആകെ 90 സെ.മീ.) ആഗസ്റ്റ് ആദ്യ രണ്ട് വാരം മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ശക്തമായി. 70 സെ.മീ. മഴ ഈ കാലയളവില്‍ ലഭിച്ചു. പിന്നീട് കുറഞ്ഞ മഴ സെപ്തംബറിലാണ് ശക്തിപ്രാപിച്ചത്. മാസം മുഴുവന്‍ സംസ്ഥാനത്ത് പരക്കെ മഴ തുടര്‍ന്നു.
2020ലെ സെപ്തംബര്‍ അങ്ങനെ പതിറ്റാണ്ടുകള്‍ക്കിപ്പുറം ഏറ്റവും മഴ ലഭിച്ച ‘സെപ്തംബ’റായി. 62.8 സെ.മീ. മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. 222.78 സെ.മീ. സംസ്ഥാനത്താകെ ജൂണ്‍ 1- സെപ്തംബര്‍ 30 വരെ ശരാശരി മഴ ലഭിച്ചു, 9 ശതമാനം കൂടുതലാണിത്. എല്ലാ ജില്ലകളിലും ശരാശരിയോ അതില്‍ കൂടുതലോ മഴ ലഭിച്ചു.
സാധാരണ സെപ്തംബര്‍ പാതിയോടെ ആരംഭിക്കുന്ന കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ രണ്ടാഴ്ചയോളം വൈകിയാണ് ഇത്തവണ തുടങ്ങിയത്. പിന്നീട് ഒരാഴ്ചയിലധികം വിടവാങ്ങല്‍ തുടര്‍ന്നെങ്കിലും ന്യൂനമര്‍ദങ്ങള്‍ വിലങ്ങ് തടിയായതോടെ, മഴ വീണ്ടും ശക്തമായി തുടര്‍ന്നു. ചൈനാക്കടലിലെ ചുഴലിക്കാറ്റും മഴ കൂടുന്നതിന് കാരണമായി.
കഴിഞ്ഞ 20ന് ആണ് വിടവാങ്ങല്‍ പ്രക്രിയ വീണ്ടും ആരംഭിച്ചത്. ഇത് ഒരാഴ്ചകൊണ്ട് പൂര്‍ത്തിയായി ഇന്നലെ രാവിലെയോടെ കാലവര്‍ഷം പൂര്‍ണണ്ണമായും പിന്‍വാങ്ങി തുലാമഴയ്ക്ക് വഴിയൊരുക്കി. നവംബര്‍ ഒന്നാം തിയതി വരെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ ഇടിയോടു കൂടിയ തുലാമഴയ്ക്കു സാധ്യതയുണ്ട്. പിന്നാലെ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും മഴ ശക്തമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: