അഞ്ചല്‍: മലമേലും പരിസര പ്രദേശങ്ങളിലും വാനര ശല്യം അതിരൂക്ഷം. നേരത്തെ കാര്‍ഷിക വിളകളായിരുന്നു നശിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇവിടുത്തെ വീടുകളുടെ ജനലുകളും, വാതിലുകളും തുറന്നിടാന്‍ കഴിയാത്ത അവസ്ഥയാണ്. ജനലുകളിലൂടെയും, വാതിലിലൂടെയും വീടിന് അകത്ത് കടക്കുന്ന വാനര സംഘം ഭക്ഷണവും, ഭക്ഷണ സാധനങ്ങളും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
റബ്ബര്‍ ഒഴികെയുള്ള എല്ലാ കാര്‍ഷിക വിളകളും നശിപ്പിക്കപ്പെടുന്നു. കര്‍ഷകര്‍ക്ക് ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയാണ്. മലമേല്‍ ക്ഷേത്ര പരിസരത്ത് മാത്രം ഉണ്ടായിരുന്ന വാനര സംഘം ഇപ്പോള്‍ തടിക്കാട്, തണ്ണിച്ചാല്‍, പൊടിയാട്ടുവിള, പെരുമണ്ണൂര്‍, വാളകം തുടങ്ങി ജനവാസ മേഖലകളില്‍ നിരന്തരം ജനങ്ങള്‍ക്ക് ശല്യമായി മാറിയിരിക്കുകയാണ്. കുരങ്ങുകളുടെ എണ്ണം വര്‍ദ്ധിച്ചതും, കോവിഡിന്റെ പശ്ചാത്തലത്തില്‍ മലമേല്‍ ക്ഷേത്രപരിസരത്തും മറ്റും സന്ദര്‍ശകര്‍ എത്താത്തതിനാല്‍ ഭക്ഷണം ലഭ്യമാകാത്തതും കാരണം ഇവര്‍ ഭക്ഷണം തേടി കിലോമീറ്ററുകള്‍ അലയുകയാണ്.
നേരത്തെ ക്ഷേത്ര പരിസരത്ത് എത്തുന്നവര്‍ നല്കുന്ന ഭക്ഷണമായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. വീടുകളിലെത്തുന്ന വാനര സംഘം വാട്ടര്‍ ടാങ്കുകളില്‍ മല മൂത്ര വിസര്‍ജനം നടത്തുകയും, ഓട് ഇട്ട വീടുകളിലൂടെ അകത്ത് കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം തണ്ണിച്ചാലില്‍ നജീമിന്റെ വീടിന്റെ ഓട് ഇളക്കി അകത്ത് കയറിയ വാനര സംഘം അടുക്കളയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആഹാര സാധനങ്ങളും, ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും നശിപ്പിച്ചു. ഈ സമയം വീട്ടില്‍ ആള് ഇല്ലായിരുന്നു. വീട്ടിനകത്ത് മലമൂത്ര വിസര്‍ജനം നടത്തി വീട് ആകെ അലങ്കോലപ്പെടുത്തിയിട്ടാണ് വാനര സംഘം പോയത്.
തണ്ണിച്ചാല്‍ പ്രദേശത്ത് തെങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ മുഴുവന്‍ നശിപ്പിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിലേറെയായി ദിവസവും ഇത് തന്നെയാണ് അവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന്റെ മേല്‍ക്കൂരയും വാഹനങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
കുരങ്ങ് അക്രമിക്കുന്നത് ഭയന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിന്റെ വാതില്‍ അടച്ചിട്ടാണ് ഇരിക്കുകയാണ്. വാനരശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും സ്വത്തിനും, ജീവനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയ്ക്കും, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: