കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചു. അറസ്റ്റ് ചെയ്യാന്‍ തടസ്സമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ട ഉടന്‍ ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞ വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ എത്തി എന്‍ഫോഴ്സ്്മെന്റ് കസ്റ്റഡിയില്‍ എടുക്കുകയും, കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. കര്‍ശന പോലീസ് സുരക്ഷയ്ക്ക് ഇടയിലാണ് ശിവശങ്കറുമായി എന്‍ഫോഴ്സ്മെന്റ് സംഘം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്.
യാത്രാമധ്യേ കസ്റ്റംസ് ഉദ്യോഗസ്ഥരും ശിവശങ്കറുമായി വരുന്ന എന്‍ഫോഴ്സ്മെന്റ് സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. കസ്റ്റഡിയിലെടുത്ത എം.ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് തന്നെ എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തും. നടപടികള്‍ പൂര്‍ത്തിയായ ശേഷം കസ്റ്റംസും അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന.
കൊച്ചിയിലേക്ക് വരുന്ന വഴി ചേര്‍ത്തലയില്‍ നിന്ന് വണ്ടിമാറ്റിയാണ് ശിവശങ്കറിനെ കൊണ്ടുവന്നത്. ചേര്‍ത്തലയിലെ ഹോട്ടലില്‍ അല്പ നേരം വിശ്രമിച്ചതിന് ശേഷമായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യുന്നത് തടയുന്നതിനായി ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെങ്കിലും കസ്റ്റംസും എന്‍ഫോഴ്സ്മെന്റും ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസ്റ്റംസ് ഹാജരാക്കിയത്. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. ശിവശങ്കറിനെതിരായ തെളിവുകള്‍ അന്വേഷണസംഘം മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം ശിവശങ്കറെ ഇഡി ഓഫീസില്‍ എത്തിച്ചതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മതില് ചാടിക്കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: