കൊച്ചി: സ്വര്‍ണക്കള്ളക്കടത്തിലെ ഗൂഢാലോചനയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പിണറായിയുടെ നിര്‍ദേശങ്ങളാണ് എം. ശിവശങ്കര്‍ നടപ്പാക്കിയതെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കള്ളക്കടത്തുകാര്‍ക്ക് ശിവശങ്കരനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. പിടിച്ച സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ നിരവധി തവണയാണ് ശിവശങ്കരന് കസ്റ്റംസിനെ വിളിച്ചത്. ഇത് ജൂലായി 6ന് തന്നെ ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കരന് വന്‍കിട ഇടപാടുകളുടെ ഇടനിലക്കാരനാണ്. പ്രളയത്തിന് ശേഷം വിദേശത്ത് നിന്നും കേരളത്തിലേക്ക് പണം എത്തിക്കാന്‍ ഇടനിലക്കാരായത് ശിവശങ്കരനും സ്വപ്നയുമായിരുന്നു.
എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും അതില്‍ ഒരു പങ്ക് മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് പദ്ധതിയിലേക്കും പോയെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. പ്രളയത്തിന് ശേഷം കേരളത്തിലേക്ക് വന്ന എല്ലാ പണമിടപാടും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ ഒന്നിന് പാറശാല മുതല്‍ മഞ്ചേശ്വരം വരെ ബി.ജെ.പി സമരശൃംഖല സംഘടിപ്പിക്കും. മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണല്‍ സെക്രട്ടറിമാര്‍ക്കും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും ഇതേക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം നടക്കണമെങ്കില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമം
മുന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മുസ്ലിംലീഗും മറ്റു തീവ്ര വര്‍ഗീയ പ്രസ്ഥാനങ്ങളും ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രന് ആരോപിച്ചു. മുന്നോക്കസംവരണത്തിനെതിരെ ആസൂത്രിതമായ നീക്കമാണ് നിലവില്‍ നടക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മുസ്ലിം സമുദായത്തിന് ധാരാളം അവകാശങ്ങളുണ്ട്. ഇതിനോട് ആര്‍ക്കും അസഹിഷ്ണുതയില്ല. എന്നാല്‍ ഭൂരിപക്ഷവിഭാഗത്തിനും ക്രൈസ്തവര്‍ക്കും ചെറിയ ആനുകൂല്യങ്ങള്‍ കിട്ടുമ്പോഴേക്കും ലീഗ് അസഹിഷ്ണുത കാട്ടുകയാണ്.
മുന്നോക്ക സംവരണം മോദി സര്‍ക്കാര്‍ വിഭാവനം ചെയ്ത പോലെയല്ല കേരളത്തില്‍ നടപ്പിലാക്കിയതെന്നും സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത് കേരളത്തില്‍ പ്രശ്നം സൃഷ്ടിക്കുകയാണെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.എസ് ഷൈജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: