തൃശൂര്‍: ഫസല്‍ ഗഫൂറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ രണ്ട് ഡിവൈഎസ്പിമാര്‍ അന്വേഷിച്ച് കണ്ടെത്തിയിട്ടും പോലീസ് നടപടിയില്ലാത്തത് സംശയാസ്പദമാണെന്ന് പരാതിക്കാരന്. എംഇഎസില്‍ നിന്നു തന്നെ പത്ത് വര്‍ഷം മുന്‍പ് പുറത്താക്കിയെന്ന സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കൊടുങ്ങല്ലൂര്‍ സ്വദേശി എന്‍.കെ. നവാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫസല്‍ ഗഫൂറിനെതിരെ സാമ്പത്തികതട്ടിപ്പിന് പരാതി നല്കിയ വ്യക്തിയാണ് എന്‍.കെ. നവാസ്. തന്നെ പുറത്താക്കിയതായി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. എംഇഎസ് മെഡിക്കല്‍ കോളേജില്‍ അവസാനമായി നടന്ന ജനറല്‍ ബോഡിയില്‍ താന്‍ പങ്കെടുത്തത് യോഗ മിനിറ്റ്സ് പരിശോധിച്ചാല്‍ മനസ്സിലാക്കാം. സ്ഥലം വാങ്ങിയതില്‍ 3.7 കോടി രൂപയുടെ സാമ്പത്തിക തിരിമറിയും മകന് മാനേജിങ് ഡയറക്ടറായ സ്ഥാപനത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത 11,62,500 രൂപയുമാണ് പരാതിയുടെ അടിസ്ഥാനം.
സ്ഥലം വാങ്ങാനായി റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് അഡ്വാന്‍സ് നല്‍കിയെന്ന് പറയുന്നു. ഇടപാടിന് കരാര്‍ ഇല്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത പോലീസിന്റെ നിഷ്ക്രിയത്വം സംശയാസ്പദമാണ്. എംഇഎസില്‍ ജനാധിപത്യമില്ലെന്നും എന്‍.കെ. നവാസ് ആരോപിച്ചു. എംഇഎസ് അംഗങ്ങളായ പ്രൊഫ.പി.കെ. നൂറുദ്ദീന്‍, ആബിദ് റഹ്മാന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: