കൊല്ലം: തൊഴിലാളിവിഹിതത്തിന്റെ മുഴുവന്‍ കുടിശികയും അടച്ചുതീര്‍ത്ത വ്യക്തിക്ക് ആറുമാസത്തിലധികം തൊഴിലാളിവിഹിതം കുടിശിക വരുത്തിയെന്ന കാരണം പറഞ്ഞ് പെന്ഷന് നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ശക്തികുളങ്ങര കണിച്ചേരി വീട്ടില്‍ സുരേഷ്കുമാറിന് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് പെന്ഷന് നല്‍കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാ കുമാരി നണ്ടിര്ദ്ദേശിച്ചു.
1988 മുതല്‍ ബോര്‍ഡില്‍ അംഗമായിരുന്നു സുരേഷ് കുമാര്‍ 2012ല്‍ തൊഴിലാളി വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി. തുടര്‍ന്ന് ബോര്‍ഡ് ചെയര്മാന് മാപ്പപേക്ഷ നല്കി പലിശസഹിതം കുടിശിക ഒടുക്കി. എന്നിട്ടും പെന്ഷന് അനുവദിക്കുന്നില്ലെന്നാണ് പരാതി.
കമ്മീഷന് ക്ഷേമനിധി ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. 2018 ജൂലൈ 31ന് പരാതിക്കാരന് കുടിശിക അടച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിലവിലുള്ള നിയമപ്രകാരം മുഴുവന്‍ സര്‍വീസ് കാലയളവില്‍ 6 മാസത്തില്‍ കൂടുതല്‍ കുടിശികയുള്ള തൊഴിലാളിക്ക് പെന്ഷന് അര്ഹതയില്ലാത്തതു കൊണ്ടാണ് പെന്ഷന് അനുവദിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെ പരാതിക്കാരന് ചെയര്മാന് നല്കിയ അപേക്ഷ ബോര്‍ഡിന്റെ പരിഗണനയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിശിക വാങ്ങിയ ശേഷം പെന്ഷന് നിഷേധിക്കുന്നത് തെറ്റാണെന്നാണ് കമ്മീഷന് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: